
പത്തനംതിട്ട: സ്ത്രീകൾക്കായുള്ള പരാതി പരിഹാര സെല്ലിൽ ആർഎസ്എസ് അനുകൂല അഭിഭാഷക സംഘടനാ നേതാവ് കെ ജെ മനുവിനെ ഉൾപ്പെടുത്തിയതിൽ പത്തനംതിട്ടയിൽ വിവാദം.സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള എസ്പി ഓഫീസിലെ ആഭ്യന്തര കമ്മിറ്റിയിലാണ് മനുവിനെ ഉൾപ്പെടുത്തിയത്. അഭിഭാഷകൻ്റെ ആർഎസ്എസ് പശ്ചാത്തലവും ഇദ്ദേഹത്തിനെതിരായ കേസുകളും ഉയർത്തിക്കാട്ടി ഇടത് സംഘടനകൾ രംഗത്ത് വന്നതോടെ, പുതിയ കമ്മിറ്റിയുണ്ടാക്കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിവാദത്തിൽ നിന്ന് തടിയൂരി.
താൻ ഒന്നാന്തരം ആർഎസ്എസുകാരനെന്നാണ് മനു പ്രതികരിച്ചത്. ആർഎസ്എസ് അനുകൂല സംഘടനയായ അഭിഭാഷക പരിഷത്ത് ജില്ലാ ട്രഷററാണ് കെ.ജെ മനു. 30 വർഷത്തോളം പ്രവർത്തി പരിചയമുള്ള ഇദ്ദേഹത്തിൻ്റെ അനുഭവ സമ്പത്താണ് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പരിഗണിച്ചതെന്നാണ് പൊലീസിൻ്റെ വാദം. ഇയാൾ മുൻപ് നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്ന് ഇടത് അഭിഭാഷക സംഘടനകൾ ആരോപിച്ചിരുന്നു. കമ്മിറ്റി രൂപീകരണം സേനയ്ക്കുള്ളിലും വിവാദമായതോടെയാണ് എസ്.പി പുതിയ ഉത്തരവിറക്കിയത്. മനുവിനെ ഒഴിവാക്കി പുതിയ ആഭ്യന്തര കമ്മിറ്റിയും രൂപീകരിച്ചു. വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് വിമർശിച്ച മനു, താൻ ഒന്നാന്തരം ആർഎസ്എസുകാരനാണെന്നും അത് അറിഞ്ഞുകൊണ്ടുതന്നെയാണ് പൊലീസുകാർ തന്നെ നിയമിച്ചതെന്നും പറഞ്ഞു. എല്ലാ കേസുകളിലും തന്നെ കോടതി വെറുതെവിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam