
പത്തനംതിട്ട: പത്തനംതിട്ടയിൽ പട്ടികജാതി ക്ഷേമത്തിനായി തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രവും പാർക്കും പ്രവർത്തനം തുടങ്ങാതെ കാട് കയറി നശിക്കുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച സുബല പാർക്കിനോടാണ് സംസ്ഥാന സർക്കാരിന്റെ അവഗണന. ആദ്യം 17 ലക്ഷം രൂപയും പിന്നീട് പല തവണയായി നവീകരണത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്ത കൺവൻഷൻ സെന്റർ അടഞ്ഞു കിടക്കുകയാണ്. പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് തയ്യലിനും കോട്ടൺ ബാഗ് നിർമ്മാണത്തിനുമായി വർഷങ്ങൾ മുമ്പ് 22.5 ലക്ഷം മുടക്കി വാങ്ങിയ തയ്യൽ മെഷീനുകളും ഉപയോഗശൂന്യമായിക്കിടക്കുകയാണ്.
മൂന്ന് ഘട്ടമായി പൂർത്തിയാക്കാൻ ഉദ്ദേശിച്ച സുബല പാർക്കിൽ ഗേറ്റ്‍ വേ, കോഫി ഏരിയ , ബോട്ടിങ്ങ്, എക്സിബിഷൻ ഹാൾ, തിയറ്റർ, ഷട്ടിൽ കോർട്ട്, കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം എന്നിങ്ങനെ വിപുലമായ പദ്ധതികൾ ഉൾപ്പെടുത്തിയാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. ആദ്യഘട്ട നിർമ്മാണത്തിന്റെ പേരിൽ ഒരു കോടി 97 ലക്ഷം രൂപയാണ് ചെലവാക്കിയത്. രണ്ടാം ഘട്ടത്തിനായി രണ്ട് കോടി രൂപയും അനുവദിച്ചെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നെൽവയൽ കുഴിച്ചാണ് ബോട്ടിംഗിന് കുളം ഉണ്ടാക്കിയത്. എന്നാൽ പദ്ധതി നടപ്പിലാകാതെ വന്നതോടെ കൃഷിയും നിലച്ചു. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി സുവല പാർക്ക് മാറി. തിരിഞ്ഞു നോക്കാൻ ആരുമില്ലാതെ വന്നതോടെ നഗരത്തിലെ ടൂറിസം സാധ്യതയും മങ്ങി. പദ്ധതി പൂർത്തികരിക്കാത്തതിന്റെ കാരണം ചോദിച്ചാൽ പട്ടികജാതി വികസന വകുപ്പിന് കൃത്യമായ മറുപടിയുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam