
പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ടെ യുവതിയുടെ കൊലപാതകത്തിന് കാരണം ഭര്‍ത്താവിന്‍റെ സംശയം. ഭാര്യയ്ക്കുമേലുള്ള സംശയത്തെ തുടര്‍ന്ന് മദ്യലഹരിയിലുള്ള ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പത്തനംതിട്ട പുല്ലാട് ആലുംന്തറ അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ശ്യാമയുടെ ഭര്‍ത്താവ് അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
അജിക്ക് ഭാര്യ ശ്യാമയെ സംശയമായിരുന്നുവെന്നാണ് അയൽവാസികളടക്കം പറയുന്നത്. കോയിപ്രം പൊലീസ് ഇടപെട്ട് മുൻപ് കൗൺസിലിങ്ങിന് അടക്കം കൊണ്ടുപോയിരുന്നു. സംശയത്തെ തുടര്‍ന്ന് ശ്യാമയെ അജി കത്തിക്കൊണ്ട് കുത്തുന്നത് കണ്ട് തടയാനെത്തിയ ശ്യാമയുടെ പിതാവ് ശശിയെയും ശശിയുടെ സഹോദരിയെയും ആക്രമിച്ചു. മൂന്നുപേരെയും കത്തികൊണ്ട് കുത്തി അജി പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് സമീപത്ത് തന്നെ താമസിക്കുന്ന ശശിയുടെ സഹോദരിയും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരെയും അജി ആക്രമിച്ചത്.
സംഭവത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജിൽ രാത്രിയോടെ എത്തിക്കുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ശ്യാമ മരിക്കുന്നത്. മറ്റു രണ്ടുപേരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ശ്യാമയ്ക്കും അജിക്കും 12,9,5 വയസുള്ള മൂന്ന് പെണ്‍മക്കളാണുള്ളത്.
വീട്ടുകാര്‍ തമ്മിൽ വലിയ വഴക്ക് കേട്ട് എത്തിയപ്പോഴേക്കും ആക്രമിച്ചശേഷം അജി കടന്നുകളഞ്ഞിരുന്നുവെന്ന് അയൽക്കാരൻ പറഞ്ഞു. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നു. വീട്ടിന് മുന്നിലുള്ള വഴിയിലിട്ടാണ് കുത്തികൊന്നത്. വയറിലെ കുടലടക്കം പുറത്തുവന്നിരുന്നു. വെല്‍ഡിങ് ജോലിയാണ് അജിക്ക്. ബ്യൂട്ടിപാര്‍ലറിലാണ് ശ്യാമ ജോലി ചെയ്തിരുന്നത്. ഇരുവരും ജോലിക്ക് പോയി വീട്ടിലെത്തിയശേഷം രാത്രിയിലാണ് പതിവുപോലെ വഴക്കുണ്ടായത്. സ്ഥിരം വഴക്കായിരിക്കുമെന്ന് കരുതി ശ്രദ്ധിച്ചില്ലെന്നും പിന്നീട് വലിയ ശബ്ദം കേട്ടെത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ ശ്യാമയെ കണ്ടതെന്നും അയൽക്കാരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam