
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. ഗർഭാശയ സംബന്ധമായ പരിശോധനയ്ക്ക് എത്തിയ കോതനല്ലൂർ സ്വദേശി ശാലിനി അംബുജാക്ഷനാണ് മരിച്ചത്. ആശുപത്രിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ പരിശോധനയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം.
ഗർഭാശയ സംബന്ധമായ അസുഖത്തിന് ഒരു മാസം മുമ്പാണ് 49കാരി ശാലിനി അംബുജാക്ഷൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. അന്ന് പ്രാഥമിക പരിശോധനകൾ നടത്തി. വിശദമായ ഡിആൻഡ്സി പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ബുധനാഴ്ച എത്താൻ നിർദേശിച്ചു. മരുമകൾ മിഥിലയ്ക്കൊപ്പം ബുധനാഴ്ച പുലർച്ചെ ആശുപത്രിയിൽ എത്തി. ഏഴ് മണിയോടെ പരിശോധനയുടെ ഭാഗമായുള്ള മരുന്ന് നൽകി.
സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കും വെന്‍റലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമിതമായി മരുന്ന് കൊടുത്തതാണ് ശാലിനിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും കടുത്തുരുത്തി സ്റ്റേഷനിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. എന്നാൽ ചികിത്സ പിഴവ് ഉണ്ടാിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഡിആൻഡ്സി പരിശോധനയ്ക്ക് മരുന്ന് നൽകിയതിന് പിന്നാലെ ശാലിനിയ്ക്ക് ആറ് തവണ ഹൃദയാഘാതമുണ്ടായെന്നും ഇതാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു. ശാലിനിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് സമഗ്ര അന്വേഷണം നടത്താൻ ആഭ്യന്തര സമിതിയെ നിയോഗിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam