
തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. കരാറിൻ്റെ ധാരണാപത്രം റദ്ദാക്കാൻ കത്ത് നൽകും. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിൻ്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.
അതേസമയം, ഡി രാജയുമായി എംഎ ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഡി രാജയെ ഫോണിൽ വിളിച്ചത്. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ സിപിഐ വഴങ്ങുമെന്നാണ് സൂചന. ഡി രാജയെ എംഎ ബേബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനു നൽകാനുദ്ദേശിക്കുന്ന കത്തിൻ്റെ ഉള്ളടക്കവും അറിയിച്ചു കഴിഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകളാണ് സംയുക്തമായ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് നേതാക്കൾ അറിയിച്ചു. പിഎം ശ്രീക്കെതിരെ യോജിച്ച പോരാട്ടങ്ങൾ എന്ന നിലയിലാണ് സമരം യുഡിഎസ്എഫിൻ്റെ പേരിൽ നടത്താൻ തീരുമാനിച്ചത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധവും സംഘടിപ്പിക്കും. പിന്നാലെ ഈ മാസം 31 ന് ദേശീയപാത ഉപരോധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam