
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ചികിത്സാപിഴവിനെ തുടർന്ന് മധ്യവയസ്ക മരിച്ചതായി പരാതി. നെയ്യാറ്റിൻകര സ്വദേശി കുമാരി (56) ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. കാരക്കോണം മെഡിക്കൽ കോളേജിനെതിരെയാണ് കുടുംബത്തിന്‍റെ പരാതി. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കൽ കോളേജിൽ നടത്തിയത്. മരുന്ന് മാറി നൽകിയതാണ് മരണകാരണം എന്ന് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു.
വ്യാഴ്ചയാണ് നെയ്യാറ്റിൻകര ആലുംമൂട് സ്വദേശിനി കുമാരി വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി കാരക്കോണം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയത്. ഇന്നലെയാണ് കുമാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. പിന്നാലെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും മരണം, സംഭവിക്കുകയുമായിരുന്നെന്നാണ് കുടുംബം പറയുന്നത്. മരുന്ന് മാറി കുത്തിവെച്ചതാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ശസ്ത്രക്രിയയ്ക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് കുമാരിയുടെ മരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ വെള്ളറട പൊലീസിന് കുടുംബം പരാതിയും നൽകി. അസ്വഭാവിക മരണത്തിന് കേസെടുത്ത വെള്ളറട പൊലീസ്, അന്വേഷണം ആരംഭിച്ചു.