
പാലക്കാട്: രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് സ്വീകരണം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഷാജിയെ സ്വീകരിച്ചു. ടിപി ഷാജിക്കൊപ്പമുള്ള വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസിൽ ചേര്‍ന്നു. അതേസമയം, വി ഫോര്‍ പട്ടാമ്പി നേതാവായ ഷാജി ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ചതോടെ എൽഡിഎഫ് കടുത്ത പ്രതിസന്ധിയിലായി. വി ഫോർ പട്ടാമ്പിയുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ യു ഡി എഫ് ശക്തികേന്ദ്രത്തിൽ എൽ ഡി എഫ് അധികാരത്തിൽ എത്തിയത്. എന്നാൽ, കോൺഗ്രസിലേയ്ക്ക് തിരിച്ചുപോകുന്നതിൽ വി ഫോർ പട്ടാമ്പിയിലും അതൃപ്തിയുണ്ട്. കോൺഗ്രസിലേയ്ക്ക് തിരികെ ഇല്ലെന്നാണ് വി ഫോര്‍ പട്ടാമ്പിയിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. രാജിവെച്ചശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്നലെ ടിപി ഷാജി വ്യക്തമാക്കിയിരുന്നു. നേരത്തെ കോൺഗ്രസ് മത്സരിക്കാൻ അവസരം നൽകാതിരുന്നതോടെയാണ് കോണ്‍ഗ്രസ് വിട്ടുകൊണ്ട് വി ഫോർ പട്ടാമ്പി കൂട്ടായ്മക്ക് രൂപം നൽകിയത്. സിപിഎം പിന്തുണയോടെ ആറു വാർഡുകളിലായിരുന്നു കൂട്ടായ്മ സ്ഥാനാർഥികൾ മത്സരിച്ചത്.
വീ ഫോർ പട്ടാമ്പി നല്ല മൂവ്മെന്‍റ് ആയിരുന്നുവെന്നും അത് കോൺഗ്രസിന് ക്ഷീണം ഉണ്ടാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇപ്പോൾ ഗൃഹപുനപ്രവേശനമാണ് നടന്നതെന്നും പാലക്കാട് നിന്ന് കോൺഗ്രസ് അനുകൂല അടിയൊഴുക്ക് വേറെയും ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും നേട്ടം പാലക്കാട് ആയിരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. വി ഫോർ പട്ടാമ്പി ഇല്ലാതായെന്നും എല്ലാവരും കോൺഗ്രസ് ആയെന്നും ടിപി ഷാജി പ്രതികരിച്ചു. മറ്റ് കൗൺസിലർമാരും ഒപ്പമുണ്ടെന്നും അവർ രാജി നൽകാത്തത് സാങ്കേതികം മാത്രമാണെന്നും ടിപി ഷാജി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam