പട്ടാഴിയിലെ വഴിവെട്ട് വിവാദം; അറസ്റ്റിലായവരെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു, പഞ്ചായത്ത് മെമ്പർക്കെതിരെ മൊഴി

By Web TeamFirst Published Jan 23, 2022, 8:10 AM IST
Highlights

പിടിച്ചെടുത്ത വാഹനങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും അറസ്റ്റിലായ സോമന്‍നായര്‍,സുരേന്ദ്രന്‍,രാജു,സുനില്‍കുമാര്‍ എന്നീ പ്രതികളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്താതിരിക്കാന്‍ ഇവരെ മാധ്യമങ്ങളെത്തും മുമ്പേ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയയ്ക്കാനുളള കരുതലും പത്തനാപുരം പൊലീസ് കാട്ടി.

കൊല്ലം:  പട്ടാഴിയില്‍ (Pattazhy) വീട്ടമ്മയുടെ ഭൂമി കൈയേറി റബര്‍ എസ്റ്റേറ്റ് ഉടമയ്ക്കു വേണ്ടി വഴി വെട്ടിയ കേസില്‍ മൂന്നു മണ്ണു മാന്തി യന്ത്രങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന നാലുപേരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിടുകയും ചെയ്തു. പഞ്ചായത്ത് മെമ്പറുടെ നിര്‍ദേശമനുസരിച്ചായിരുന്നു വാഹനം വിട്ടു കൊടുത്തതെന്ന് മണ്ണുമാന്തി യന്ത്രത്തിന്‍റെ ഉടമ വെളിപ്പെടുത്തി.

ഈ മാസം പതിനഞ്ചിന് രാത്രി പട്ടാഴിയില്‍ വീട്ടമ്മയായ ജലജാകുമാരിയുടെ 31 സെന്‍റ് സ്ഥലം കയ്യേറി വഴി വെട്ടാന്‍, പിടിച്ചെടുത്തതടക്കം നാലു മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. നാലാമത്തെ വാഹനത്തിനായി അന്വേഷണം തുടരുകയാണത്രേ. പിടിച്ചെടുത്ത വാഹനങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും അറസ്റ്റിലായ സോമന്‍നായര്‍,സുരേന്ദ്രന്‍,രാജു,സുനില്‍കുമാര്‍ എന്നീ പ്രതികളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്താതിരിക്കാന്‍ ഇവരെ മാധ്യമങ്ങളെത്തും മുമ്പേ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയയ്ക്കാനുളള കരുതലും പത്തനാപുരം പൊലീസ് കാട്ടി.

അതേസമയം പഞ്ചായത്ത് മെമ്പറും യുഡിഎഫ് നേതാവുമായ റെജി ഉള്‍പ്പെടെയുളളവര്‍ പറഞ്ഞതിനാലാണ് മണ്ണുമാന്തി യന്ത്രം വഴി വെട്ടാന്‍ വിട്ടുകൊടുത്തതെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനത്തിന്‍റെ ഉടമ പറഞ്ഞു. കൂട്ടു പ്രതികളെയൊക്കെ പേരിനെങ്കിലും അറസ്റ്റ് ചെയ്ത പൊലീസ് മുഖ്യപ്രതികളായ എസ്റ്റേറ്റ് ഉടമ കുഞ്ഞുമോനെയും,പഞ്ചായത്ത് അംഗം റെജിയെയും അറസ്റ്റ് ചെയ്തിട്ടില്ല. മെമ്പര്‍ക്ക് കൊവിഡാണെന്നാണ് പൊലീസ് വിശദീകരണം.

click me!