പോൾ മുത്തൂറ്റ് വധക്കേസ്: സുപ്രീംകോടതി വിശദമായി വാദം കേൾക്കും 

By Web TeamFirst Published Jul 25, 2022, 1:36 PM IST
Highlights

8 പ്രതികളുടെ ജീവപരന്ത്യം ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കുടുംബം കോടതിയെ സമീപിച്ചത്

ദില്ലി: പോൾ മുത്തൂറ്റ് വധക്കേസിൽ സുപ്രീംകോടതി വിശദമായി വാദം കേൾക്കും. മുത്തൂറ്റ് കുടുംബം നൽകിയ അപ്പീൽ പരിഗണിച്ചാണ് വിശദമായി വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 8 പ്രതികളുടെ ജീവപരന്ത്യം ശിക്ഷ റദ്ദാക്കിയ നടപടിക്കെതിരെയാണ് കുടുംബം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹ‍ജി പരിഗണിച്ചത്. ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരെയാണ് മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയിൽ എത്തിയത്. കേസിൽ കാരി സതീഷ് ഒഴികെ ഏട്ട് പ്രതികളെ ഹൈക്കോടതി വിട്ടയച്ചിരുന്നു. 

പോൾ വധക്കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയത് എല്ലാ വശങ്ങളും പരിഗണിച്ചാണെന്നാണ് ഹർജിക്കാരനായ ജോർജ് മൂത്തൂറ്റ് സുപ്രീംകോടതിയിൽ വാദിച്ചു. കൊലപാതകം നടത്തിയത് രണ്ടാം പ്രതിയായ കാരി സതീഷ് മാത്രമാണെന്ന സാങ്കേതികത്വം കണക്കിലെടുത്താണ് മറ്റ് പ്രതികളെ ഹൈക്കോടതി വിട്ടയച്ചതെന്നും ഇതുവഴി സ്വഭാവിക നീതി നിഷേധിക്കപ്പെട്ടെന്നുമാണ് ജോർജ്ജ് മൂത്തൂറ്റിന്റെ വാദം. ഇത് അംഗീകരിച്ചാണ് വിശദമായി വാദം കേൾക്കാൻ കോടതി തയ്യാറായിട്ടുള്ളത്. 

2019 സെപ്തംബർ അഞ്ചിനാണ് പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഏട്ടു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയത്. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഒഴിവാക്കിയത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത് , അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി ഫൈസല്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍ എന്നിവരുടെ മേല്‍ ചുമത്തിയിരുന്ന കൊലക്കുറ്റവും കോടതി നീക്കിയിരുന്നു. ഇവര്‍ കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തെന്ന് പറയത്തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചായിരുന്നു കേരള ഹൈക്കോടതി നടപടി.

ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഇതുവരെ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. ഇതിനിടെയാണ് പോൾ മൂത്തൂറ്റിന്റെ  കുടുംബം നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എട്ടു പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രത്യേകം പ്രത്യേകം അപ്പീലാണ് നൽകിയത് .

2009 ആഗസ്ത് 22ന് രാത്രിയാണ് നെടുമുടി പൊങയില്‍ വെച്ച് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം.ജോര്‍ജ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് പിന്നീട് സിബിഐ അന്വേഷിക്കുകയായിരുന്നു. 2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. 
 

click me!