പാവറട്ടി കസ്റ്റഡി മരണം: അറസ്റ്റിലായ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി

By Web TeamFirst Published Oct 8, 2019, 12:51 PM IST
Highlights

എക്സൈസ് ഡ്രൈവർ വി ബി ശ്രീജിത്ത് ഒഴികെ ബാക്കിയുള്ള ആറുപേർക്കെതിരെ/യും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ശ്രീജിത്തിനെ കേസിൽ പ്രതി ചേർക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 

തൃശ്ശൂർ: പാവറട്ടിയില്‍ കഞ്ചാവുമായി പിടികൂടിയ പ്രതി എക്സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട കേസിൽ അറസ്റ്റിലായ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. ചൊവ്വാഴ്ച പിടികൂടിയ എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, എംജി അനൂപ് കുമാർ, എക്‌സൈസ് ഓഫീസർ നിധിൻ എം മാധവ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. കേസിൽ അന്വേഷണവിധേയമായി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അഡീഷണൽ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ വി എം സ്മിബിൻ, എം ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവർ വി ബി ശ്രീജിത്ത് എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ ഒളിവിലാണ്. ഇതിൽ ശ്രീജിത്ത് ഒഴികെ ബാക്കിയുള്ള ആറുപേർക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ശ്രീജിത്തിനെ കേസിൽ പ്രതി ചേർക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Read More:പാവറട്ടി കസ്റ്റഡി മരണം: സസ്പെൻഷനിലായ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ഒക്ടോബര്‍ ഒന്നിനാണ്,‌‍ കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത്ത് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

രഞ്ജിത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് മുൻ ഭാര്യയും ബന്ധുക്കളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. രഞ്ജിത്ത് വാഹനത്തിൽവച്ച് അപസ്മാര ലക്ഷണം കാണിച്ചപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെന്നും പിന്നീട് മരണം സംഭവിച്ചെന്നുമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് മുൻഭാര്യയും ബന്ധുക്കളും പറയുന്നത്. രഞ്ജിത്തിന് മുൻപൊരിക്കലും അപസ്മാരം ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.

Read Also: തൃശ്ശൂരില്‍ കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു

അതേസമയം, തിരൂരിൽ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന തരത്തിൽ നേരത്തെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ​ഗുരുവായൂരിൽ വച്ച് തന്നെയാണ് എക്സൈസ് ഉദ്യോ​ഗസ്ഥർ രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്തതിന് ശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവന്ന പാവറട്ടി കൂമ്പുള്ളി പാലത്തിനടുത്തുള്ള ഗോഡൗണിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

കേസില്‍ എക്സൈസ് ഓഫീസർമാരുടെയും, ഉയർന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സാക്ഷികളെയും കണ്ടെത്തി അന്വേഷണ ഉദ്യോ​ഗസ്ഥർ മൊഴിയെടുത്തിട്ടുണ്ട്. ഏത് സാ​ഹചര്യത്തിലാണ് ഇത്തരമൊരു നടപടി എക്സൈസ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നും ഉണ്ടായത്, എങ്ങനെയാണ് അവർ ​ഗുരുവായൂരിൽ എത്തിയത്, തിരൂരിൽ പോകാനുള്ള സാഹചര്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷണ ഉദ്യോ​ഗസ്ഥർ പരിശോധിച്ച് വരുകയാണ്.
 

click me!