തൃശ്ശൂര്‍: എക്സൈസ് കസ്റ്റഡിയിലുള്ള പ്രതി മരണപ്പെട്ട നിലയില്‍. കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത്താണ് മരണപ്പെട്ടത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട് എക്സൈസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരണപ്പെട്ട നിലയിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം. 

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഗുരുവായൂരില്‍ നിന്നും രഞ്ജിത്തിനെ പിടികൂടുന്നത്. രണ്ട് കിലോ കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് വൈകിട്ട് അ‍ഞ്ച് മണിയോടെ പാവറട്ടിയിലെ സാന്‍ ജോണ്‍സ് ആശുപത്രിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തിക്കുന്നത്. 

രഞ്ജിത്തിന്‍റെ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും ആശുപത്രയിലെത്തിക്കും മുന്‍പേ മരണപ്പെട്ടിരുന്നുവെന്നും ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കസ്റ്റഡിയില്‍ വച്ച് രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാള്‍ മരണപ്പെട്ടുവെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

ആശുപത്രിയില്‍ എത്തുന്നതിന് ഏതാനും മിനിറ്റുകള്‍ മുന്‍പാണ് ഇയാള്‍ മരണപ്പെട്ടത് എന്നാണ് ‍ഡോക്ടര്‍മാരുടെ നിഗമനം. വിവരമറിഞ്ഞ് ഉന്നത പൊലീസ്- ഏക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.