
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട കമ്മീഷൻ, ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ മെഡിക്കൽ ഓഫീസറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം വിഷയം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
അതേസമയം, കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് ഡോക്ടർമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പയ്യന്നൂർ ബേബി മെമോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴികളാണ് പൊലീസ് എടുത്തത്. തങ്ങളുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ പൊലീസിന് നൽകിയ മൊഴി. കുഞ്ഞിന്റെ പരിക്കിന്റെ സ്വഭാവം കാരണം അനസ്തീഷ്യ നൽകുകയെന്നത് അനിവാര്യമായിരുന്നുവെന്നും, അനസ്തീഷ്യ നൽകാതെ സ്റ്റിച്ച് ഇടാൻ സാധിക്കുമായിരുന്നില്ലെന്നുമാണ് ഡോക്ടർമാരുടെ വാദം.
എന്നാൽ, കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാൾ ചോദ്യം ചെയ്യലിന് ഇന്നും ഹാജരായിട്ടില്ലെന്നാണ് വിവരം. കേസിൽ മരിച്ച ദേവാൻഷ് ശൗര്യയുടെ ബന്ധുക്കളുടെ മൊഴിയും പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് അടുത്ത ഘട്ട നടപടികളിലേക്ക് കടക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam