കളമശ്ശേരി മെഡി. കോളേജിൽ മരിച്ച രോഗിക്ക് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരണം

By Web TeamFirst Published Mar 1, 2020, 6:17 PM IST
Highlights

ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നെടുത്ത സാമ്പിളുകൾ രണ്ട് തവണ പരിശോധിച്ചപ്പോഴും കൊറോണ ബാധയില്ലെന്ന് വ്യക്തമായി. മരണ കാരണം വൈറൽ ന്യൂമോണിയയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ മലേഷ്യയിൽ നിന്നെത്തിയ യുവാവ് മരിച്ചത് കൊവിഡ് 19 രോഗം ബാധിച്ചല്ലെന്ന് വ്യക്തമായി. പയ്യന്നൂർ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നെടുത്ത സാമ്പിളുകൾ രണ്ട് തവണ പരിശോധിച്ചപ്പോഴും കൊറോണ ബാധയില്ലെന്ന് വ്യക്തമായി. മരണ കാരണം വൈറൽ ന്യൂമോണിയയാണെന്ന് രണ്ടാം പരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ട്.

ആദ്യ പരിശോധന ആലപ്പുഴയിലും രണ്ടാമത്തെ പരിശോധന പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് നടത്തിയത്. രണ്ടിലും ഫലം നെഗറ്റീവായിരുന്നു. മലേഷ്യയില്‍ നിന്നും ഫെബ്രുവരി 27നാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. അവശനായിരുന്നതിനാൽ കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാർഡിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഇയാൾ മരിച്ചു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പരിശോധനാഫലം വരുന്നതിന് മുൻപാണ് മരണം.

നടക്കാന്‍ പോലും കഴിയാതെ ഗുരുതരാവസ്ഥയിലാണ് ഇദ്ദേഹം വിമാനത്താവളത്തിലെത്തിയത്. ആശുപത്രിയിലെത്തുമ്പോള്‍ പ്രമേഹം കൂടിയ നിലയിലായിരുന്നു. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇദ്ദേഹത്തിന്‍റെ ആദ്യത്തെ പരിശോധനാഫലം നെഗറ്റീവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ എല്ലാ മുൻകരുതലുകളുമെടുത്താകും യുവാവിന്‍റെ മൃതദേഹം സംസ്കരിക്കുകയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ റിപ്പോർട്ട് പുനെയിൽ നിന്ന് വരാൻ കാത്തിരിക്കുകയായിരുന്നു ആരോഗ്യവകുപ്പ്.

നിലവിൽ കേരളത്തിൽ കൊവിഡ് 19 ബാധിച്ച് ആരും ചികിത്സയിലില്ലെങ്കിലും വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുൾപ്പടെ നിരവധിപ്പേർ ഐസൊലേഷൻ വാർഡിലുണ്ട്. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോൾ കേരളത്തെ കൊവിഡ് 19 വിമുക്തമായി പ്രഖ്യാപിക്കാറായിട്ടില്ലെന്ന് തന്നെയാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. തായ്‍ലൻഡ്, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശരാജ്യങ്ങളിൽ ഞായറാഴ്ച കൊവിഡ് 19 ബാധിച്ചുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ നിലവിൽ സംസ്ഥാനം കൊവിഡ് 19 വിമുക്തമായി എന്ന് പറയാനാകില്ലെന്നാണ് കെ കെ ശൈലജ വ്യക്തമാക്കുന്നത്. 

click me!