പാർട്ടിക്കുള്ളിലെ കലാപം വോട്ടിലേക്കും; കമ്യൂണിസ്റ്റ് കോട്ടയിൽ വിള്ളൽ വീഴുമോ; പയ്യന്നൂരിൽ ആര് ജയിക്കും?

Published : Mar 19, 2026, 01:23 PM IST
TI Madhusoodanan And V Kunhikrishnan

Synopsis

എന്നും ഇടതുപക്ഷ കോട്ടയായ പയ്യന്നൂർ നിയോജക മണ്ഡലം, മുൻ എംഎൽഎ ടിഐ മധുസൂദനനെതിരായ ഫണ്ട് തട്ടിപ്പ് ആരോപണത്തെ തുടർന്ന് കലുഷിതമാണ്. മുതിർന്ന നേതാവ് വി കുഞ്ഞികൃഷ്‍ണൻ വിമതനായി മത്സരിക്കുന്നതോടെ, സിപിഎമ്മിന്റെ ഉരുക്കുകോട്ടയിൽ വിള്ളൽ വീഴുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എന്നും ഇടതുപക്ഷത്തെ മാത്രം വിജയിപ്പിച്ച കണ്ണൂർ ജില്ലയിലെ പാർട്ടി കോട്ടയാണ് പയ്യന്നൂർ നിയോജക മണ്ഡലം. പിണറായി വിജയൻ മുതൽ പികെ ശ്രീമതി ടീച്ചറെ വരെ കൈവിടാതെ നെഞ്ചേറ്റിയ മണ്ഡലം. എന്നാൽ മുൻ എംഎൽഎ ടിഐ മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതോടെ മണ്ഡലത്തിന്റെ ഭാവം മാറി. പിന്നാലെ ആരോപണം ഉന്നയിച്ച പാർട്ടിയുടെ മുൻ എരിയ സെക്രട്ടറി വി കുഞ്ഞികൃഷ്‍ണൻ വിമതനായി മത്സരിക്കുന്നതോടെ പയ്യന്നൂർ നിയോജക മണ്ഡലം ചർച്ചയായി മാറിയിരിക്കുകയാണ്.

പയ്യന്നൂർ‌ നിയോജക മണ്ഡലത്തിൽ സിപിഎമ്മിൻ്റെ ഭൂരിപക്ഷം ഓരോ തെരഞ്ഞെടുപ്പിനും കൂടിയിട്ടേ ഉളളൂ. എന്നാൽ ഇപ്പോഴത്തെ കലുക്ഷിത അവസ്ഥയിൽ എന്താകും അവസ്ഥയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വി കുഞ്ഞികൃഷ്‍ണന് വെള്ളൂർ, കോറോം കരിവെള്ളൂർ, പെരിങ്ങോം അടക്കമുള്ള സ്ഥലങ്ങളിൽ നല്ല പിന്തുണയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പയ്യന്നൂർ നിയമസഭ, ചെറുപുഴ പഞ്ചായത്ത്, പെരിങ്ങോം-വയക്കര പഞ്ചായത്ത്, കാങ്കോൽ‌- ആലപ്പടമ്പ പഞ്ചായത്ത്, കരിവെള്ളൂർ- പെരളം പഞ്ചായത്ത്, എരമം- കുറ്റൂർ പഞ്ചായത്ത്, രാമന്തളി പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങൾ ഉൾകൊള്ളുന്നതാണ് പയ്യന്നൂർ നിയോജക മണ്ഡലം.

ഉരുക്കുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

പയ്യന്നൂരിലെ മുതിർന്ന സിപിഎം നേതാവായിരുന്ന വി കുഞ്ഞികൃഷ്‍ണൻ പയ്യന്നൂരിൽ വിമതനായി മത്സരിക്കുന്നതിലൂടെ സിപിഎമ്മിൻ്റെ ഉറച്ച കോട്ടയിൽ ചെറിയ തോതിൽ എങ്കിലും വിള്ളൽ വീഴുമെന്നു തന്നെയാണ് കുഞ്ഞികൃഷ്‍ണൻ അനുകൂലികൾ കരുതുന്നത്. സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പയ്യന്നൂർ ഏരിയ കമ്മറ്റിയിലും ഏരിയ നേതാക്കൾക്കിടയിൽ‌ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മുൻ എംഎൽഎ സി കൃഷ്‍ണനടക്കം ടിഐ മധുസൂദനൻ്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധം ഉണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പയ്യന്നൂര്‍ സീറ്റ് കോണ്‍ഗ്രസ് ആര്‍സ്പിഎയ്ക്ക് വിട്ടുനല്‍കിയിരുന്നു. ആർഎസ്പിയാണെങ്കിൽ‌ വി കുഞ്ഞികൃഷ്‍ണനെ അനുകൂലിക്കണമെന്ന നിലപാടിലാണ്. അങ്ങിനെയാണെങ്കിൽ കോൺ​ഗ്രസിൻ്റെ വോട്ടും സിപിഎം അനുഭാവികളിലെ തന്നെ കുഞ്ഞികൃ‍ഷ്‍ണൻ അനുകൂലികളുടെ വോട്ടും ബിജെപിയുടെ ചെറിയ ശതമാനം മറിയുകയും ചെയ്താൽ ടിഐ മധുസൂദനനും വി കുഞ്ഞികൃഷ്‍ണനും തമ്മിലുള്ള തീപാറുന്ന പോരാട്ടം തന്നെ പയ്യന്നൂരിൽ കാണാൻ സാധിക്കും.

2021ലെ നിയമസഭ തെരഞ്ഞെടുപ്പ്

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ പരിശോധിക്കുകയാണെങ്കിൽ‌ സിപിഎം സ്ഥാനാർഥിയായിരുന്ന ടിഐ മധുസൂദനൻ 49780 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പയ്യന്നൂർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർഥിയായി ടിഐ മധുസൂദനൻ മാറുകയായിരുന്നു. ടിഐ മധുസൂദനൻ 93,695 വോട്ടുകൾ നേടിയപ്പോൾ കോൺ​ഗ്രസിലെ എം പ്രദീപ് കുമാർ 43,915 വോട്ടാണ് നേടിയത്. ബിജെപിക്കുവേണ്ടി രം​ഗത്ത് ഇറങ്ങിയ അഡ്വ. കെകെ ശ്രീധരൻ 11,308 വോട്ടുകളാണ് നേടിയത്. നോട്ടയ്ക്ക് 686 വോട്ടുകളും കിട്ടി. അതേസമയം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്ന അഭിലാഷ് കെവിക്ക് നോട്ടയേക്കാൾ കുറവായിരുന്നു വോട്ട്.

2016 ൽ 40263 വോട്ടിനാണ് സിപിഎം സ്ഥാനാർഥിയായിരുന്ന സി കൃഷ്‍ണൻ പയ്യന്നൂർ നിയോജക മണ്ഡലത്തിൽനിന്നും ജയിച്ചത്. സി കൃഷ്‍ണന്റെ രണ്ടാം ടേം ആയിരുന്നു ഇത്. 2016ൽ സി കൃഷ്‍ണന്റെ സ്ഥാനാർഥിത്വത്തിലും ചെറിയ അസ്വാരസ്യങ്ങൾ‌ ഉണ്ടായിരുന്നു. ടിഐ മധുസൂദനനെ സ്ഥാനാർഥിയായി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാ​ഗം രം​ഗത്ത് എത്തിയതോടെയാണ്, അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നത്. പിന്നീട് ഏരിയയിലെ മുഴുവൻ പാർട്ടി മെമ്പർമാരുടെയും യോ​ഗം അന്നത്തെ ജില്ല സെക്രട്ടറി പി ജയരാജൻ്റെ നേതൃത്വത്തിൽ വിളിക്കുകയും സി കൃഷ്‍ണൻ തന്നെ രണ്ടാം ടേമിലും മത്സരിക്കണം എന്ന് തീരുമാനിക്കുകയുമായിരുന്നു.

2011ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ സി കൃഷ്‍ണൻ കോൺഗ്രസ് ഐയുടെ കെ ബ്രിജേഷ് കുമാറിനെയായിരുന്നു പരാജയപ്പെടുത്തിയത്. 45992 വോട്ടുകളായിരുന്നു കെ ബ്രിജേഷ് കുമാറിന് ലഭിച്ചത്. 78116 വോട്ടുകള്‍ നേടിയാണ് സി കൃഷ്‍ണൻ നിയമസഭയില്‍ എത്തിയത്. മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം 158613 ആയിരുന്നു, പോൾ ചെയ്തത് 130722ഉം.

2001ലും 2006ലും പികെ ശ്രീമതി ടീച്ചറായിരുന്നു സിപിഎമ്മിന്റെ സ്ഥാനാർഥി. 2001ൽ 73233 വോട്ടുകള്‍ നേടിയാണ് പികെ ശ്രീമതി പയ്യന്നൂരിൽനിന്നും വിജയിച്ചു കയറിയത്. കോൺഗ്രസിന്‍റെ എം നാരായണൻകുട്ടിക്ക് 50495 വോട്ടുകളായിരുന്നു നേടാൻ കഴിഞ്ഞത്. 2006 ല്‍ 76974 വോട്ടുകൾ പികെ ശ്രീമതിക്ക് നേടാൻ കഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും സിപിഎം സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ട് കൂടുന്നതോ അല്ലെങ്കിൽ ചെറിയ വ്യത്യാസത്തിൽ വോട്ട് നിലനിർത്തുന്നതോ ആണ് കാണാൻ സാധിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദനാദാസ് കേസ്: സന്ദീപിന്റെ വിധി; കേരളം ഉറ്റുനോക്കുന്നു
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപിയിൽ