
ചെന്നൈ: പഴനിയിൽ വച്ച് ലോഡ്ജ് ഉടമയും സംഘവും തന്റെ ഭാര്യയെ ബലാൽസംഘം ചെയ്തെന്ന യുവാവിന്റെ പരാതി പണം തട്ടാൻ വേണ്ടിയുള്ള ബ്ലാക്മെയിലിംഗ് ആയിരുന്നോ എന്ന അന്വേഷണത്തിൽ തമിഴ്നാട് പൊലീസ്. തലശ്ശേരിയിൽ എത്തി ദമ്പതികളുടെ മൊഴിയെടുത്ത പൊലീസ് ഇവർക്ക് സഹായം നൽകിയവരെക്കുറിച്ചുളള പരിശോധന തുടങ്ങി.
കഴിഞ്ഞമാസം 20ാം തീയതി പഴനിയിൽ തീർത്ഥാടനത്തിനായി പോയപ്പോൾ ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ തടഞ്ഞുവച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. കൂട്ടബലാത്സംഗത്തിൽ മാരകമായി മുറിവേറ്റുവെന്ന് പറഞ്ഞ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവതിക്ക് ഒരു പരിക്കുമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പരാതിയിലും മൊഴിയിലുമുള്ള അവിശ്വസനീയതയാണ് പൊലീസിനെ കൂടുതൽ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.
ഭാര്യയെ ലോഡ്ജ് മുതലാളിയും കൂട്ടാളികളും ചേർന്ന് രാത്രി മുഴുവൻ കൂട്ട ബലാത്സംഗം ചെയ്തെന്ന് പളനി പൊലീസിലെത്തി പറഞ്ഞിട്ട് സഹായിച്ചില്ലെന്നും ഒരു സംഘം തന്റെ പണവും അപഹരിച്ചുവെന്നും യുവാവ് പരാതിയിൽ പറഞ്ഞിരുന്നു. പിന്നീട് ഡിണ്ടിഗലിലെ സഹോദരിയുടെ വീട്ടിൽ പോയി പണം വാങ്ങി പളനിയിലേക്ക് വന്നപ്പോൾ ട്രെയിനിൽ ഉറങ്ങിപ്പോയി. ഉദുമൽപേട്ട് സ്റ്റേഷനിലാണ് ഇറങ്ങിയത്. അവിടെ വച്ച് ഭാര്യയെ കണ്ടുമുട്ടി. തുടർന്നാണ് കേരളത്തിലേക്ക് മടങ്ങിയതെന്നൊക്കെയുള്ള യുവാവിന്റെ മൊഴി തമിഴ്നാട് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
ഇന്നലെ തലശ്ശേരി ഡിവൈഎസ്പി ഓഫീസിൽ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്താണ് ദമ്പതികളെ പൊലീസ് വിട്ടയച്ചത്. പഴനിയിൽ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി കൂടി വിലയിരുത്തിയ ശേഷമാകും യുവാവിനെ കസ്റ്റഡിയിൽ എടുക്കണോ എന്ന കാര്യത്തിൽ തമിഴ്നാട് പൊലീസ് തീരുമാനം എടുക്കുക. ഭാര്യയെ പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകി പഴനിയിലെ ലോഡ്ജ് ഉടമയിൽ നിന്നും പണം തട്ടാനായിരുന്നോ യുവാവിന്റെ ശ്രമമെന്ന് പൊലീസിന് സംശയമുണ്ട്. ഇതിനായി യുവാവിന്റെ കൂട്ടാളികളായി മറ്റാരെങ്കിലുമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam