
കോഴിക്കോട്: സ്കൂള്‍ കലോത്സവത്തിന്‍റെ പാചകപ്പെരുമയില്‍ പഴയിടത്തിന്‍റെ രുചിക്കൂട്ടിന് പതിനാറ് കൊല്ലത്തെ പഴക്കമുണ്ട്. ഇക്കാലമത്രയും എല്ലാ വര്‍ഷവും ആറേഴ് ദിവസം പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവും കേരളത്തിന്‍റെ കൗമാര കലോത്സവത്തിന്‍റെ സ്വന്തമാകും. എന്നാല്‍ ഈ പതിനാറ് കൊല്ലത്തിനിടെ താന്‍ ഒരു മത്സരം പോലും കണ്ടിട്ടില്ലെന്ന് പഴയിടം മോഹന്‍ നമ്പൂതിരി പറയുന്നു. അതേ കുറിച്ച് ചോദിച്ചാല്‍ പഴയിടത്തിന്‍റെ മറുപടി ഇങ്ങനെ: "ഇത് തന്നെ ഒരു മത്സര ഇനമായാണ് ഞാന്‍ കാണുന്നത്. അപ്പോ പിന്നെ അതിനിടെ മറ്റൊരു മത്സരം കാണാന്‍ ഏങ്ങനെയാണ് പോകാന്‍ പറ്റുക?"
പാചകമാണ് ഏറ്റവും വലിയ കലയെന്നാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പക്ഷം. അതിന് അദ്ദേഹത്തിന് സ്വന്തമായൊരു തത്വചിന്ത കൂടിയുണ്ട്. അതിങ്ങനെ "ഒരു കലാകാരന് മാത്രമേ നന്നായിട്ട് പാചകം ചെയ്യാന്‍ പറ്റൂ" എന്ന്. പഴയിടത്തിന് ഇപ്പോഴും കാണാന്‍ ഇഷ്ടമുള്ളതും ഇനിയൊരിക്കല്‍ കൗമാരം തിരിച്ച് കിട്ടുകയാണെങ്കില്‍ മത്സരിക്കണമെന്ന് ആഗ്രഹമുള്ളതും ലളിത ഗാനത്തിലാണ്. എന്നാല്‍ അത് തന്‍റെ ഏറ്റവും വലിയ ആഗ്രഹമാണെങ്കിലും സംഗീതം അറിയില്ലാത്തതിനാല്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ഉള്ള് തുറക്കുന്നു. ജീവിതത്തില്‍ ഇതുവരെയായി തനിക്ക് ഒരു മെഡലാണ് കിട്ടിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. അതും മത്സര ഐറ്റത്തിനല്ല. പഠിത്തത്തിനുമല്ല, മറിച്ച് കഴിഞ്ഞ തവണത്തെ കലോത്സവത്തിന് വന്നപ്പോള്‍ സ്കൂളിലെ പ്രിന്‍സിപ്പാള്‍ സ്നേഹപൂര്‍വ്വം സമ്മാനിച്ച മെഡല്‍. എന്നാല്‍, അതിനൊക്കെ അപ്പുറത്ത് ആറ് ദിവസം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇന്നും രുചിക്കൂട്ടൊരുക്കി കൗമാര കലയ്ക്കൊപ്പം പതിനാറിന്‍റെ തിളക്കത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയും ഒപ്പമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam