
കോട്ടയം: ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ വമ്പൻ ഫ്രോഡാണെന്ന് ജനപക്ഷം നേതാവ് പി സി ജോർജ്. അയാളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് നേരത്തേ പറഞ്ഞതാണെന്നും പി സി ജോർജ് പറഞ്ഞു. ശ്രീകുമാര്‍ മേനോന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും നടി മഞ്ജു വാര്യര്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് പി സി ജോര്‍ജിന്‍റെ വിമര്‍ശനം.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീകുമാർ മേനോന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പി സി ജോർജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ കുടുംബം തകരാനുള്ള പ്രധാന കാരണം ശ്രീകുമാർ മേനോനാണെന്ന് പി സി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ആട്, മാഞ്ചിയം കേസുകളിൽ പങ്കുള്ളയാളാണ് ശ്രീകുമാർ മേനോനെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു.
സംവിധായകൻ ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കാണിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകിയത്. ശ്രീകുമാർ മേനോൻ തനിക്കൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. നടി എന്ന നിലയിൽ തന്നെ തകർക്കാൻ സംഘടിതമായ നീക്കം നടത്തുകയാണ് തുടങ്ങിയവയായിരുന്നു പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.
Read More: 'ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയം': വെളിപ്പെടുത്തലുമായി മഞ്ജുവാര്യര്‍, ഡിജിപിക്ക് പരാതി
ഇതിന് പിന്നാലെ സത്യങ്ങൾ അന്വേഷണസംഘത്തെ അറിയിക്കും എന്ന പ്രതികരണവുമായി ശ്രീകുമാർ മേനോൻ രംഗത്തെത്തി. മാധ്യമങ്ങളിൽ നിന്നാണ് പരാതിയെ കുറിച്ച് അറിഞ്ഞതെന്ന് ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും ശ്രീകുമാർ മേനോൻ പോസ്റ്റിൽ വ്യക്തമാക്കി.
ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചുവന്നത് മുതലുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ശ്രീകുമാര്‍ മേനോന്‍റെ പ്രതികരണം. പലപ്പോഴും ഉണ്ടായ ഭീഷണികളും സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് മഞ്ജുവിന് താന്‍ പിന്തുണ നല്‍കിയിരുന്നുവെന്നും ഇപ്പോൾ മഞ്ജു വാര്യർ കാണിക്കുന്നത് നന്ദികേടാണ് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീകുമാർ മോനോൻ കുറ്റപ്പെടുത്തിയിരുന്നു.
Read More:'എല്ലാ സത്യങ്ങളും അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തും'; മഞ്ജുവിന് ശ്രീകുമാർ മേനോന്റെ മറുപടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam