Asianet News MalayalamAsianet News Malayalam

'ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയം': വെളിപ്പെടുത്തലുമായി മഞ്ജുവാര്യര്‍, ഡിജിപിക്ക് പരാതി നല്‍കി

ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് താന്‍ ഭയപ്പെടുന്നതായി പരാതിയില്‍ മഞ്ജുവാര്യര്‍ പറയുന്നു

actress manju warrior give compliant to dgp against va shrikumar menon
Author
Thiruvananthapuram, First Published Oct 21, 2019, 10:42 PM IST

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി മഞ്ജുവാര്യര്‍. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഈ ആരോപണം ഉന്നയിക്കുന്നത്. 

ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് താന്‍ ഭയപ്പെടുന്നതായി പരാതിയില്‍ മഞ്ജുവാര്യര്‍ പറയുന്നു. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്. 

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ കണ്ട മ‍ഞ്ജുവാര്യര്‍ പരാതിക്കൊപ്പം വിവിധ രേഖകളും കൈമാറിയതായാണ് വിവരം. 

തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുണ്ട്. ഒടിയന് ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തിനും പങ്കുണ്ട്. ഇവരുടെ സൗഹൃദം തെളിയിക്കുന്ന ചില ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും താനുമായി അടുപ്പമുള്ളവരെ ബന്ധപ്പെട്ടത്തിന്‍റെ ടെലിഫോണ്‍ രേഖകളും മഞ്ജു ഡിജിപിക്ക് കൈമാറി എന്നാണ് വിവരം.

മഞ്ജു തന്നെ എഴുതി നല്‍കിയ പരാതിയില്‍ സാമ്പത്തിക ചൂഷണവും, ഭീഷണിയും കൂടാതെ അപായപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി എന്ന് പറയുന്നതോടെ മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കാന്‍ സാധ്യതയുള്ള വലിയൊരു വിവാദത്തിനാണ് തുടക്കമായിരിക്കുന്നത്.

അമ്മയുടേയും ഫെഫ്കയുടേയോ ഭാരവാഹികളടക്കം ആര്‍ക്കും ഇതേക്കുറിച്ചൊരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് അവരുടെ പ്രതികരണത്തിനായി ഏഷ്യാനെറ്റ് ന്യൂസ് ബന്ധപ്പെട്ടപ്പോള്‍ മനസിലാവുന്നത്. ഇന്ന് തലസ്ഥാനത്തുണ്ടായ മഞ്ജു ഡിജിപിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷം നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ റേഞ്ച് ഐജി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പിക്കാന്‍ ഡിജിപി തീരുമാനിച്ചേക്കും എന്നാണ് സൂചന. 

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയിപ്പെടുന്ന മുന്‍നിര നടിയാണ് ഒരു സംവിധായകനെതിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ഇതാദ്യമായാണ്. സാധാരണഗതിയില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കിടയിലുണ്ടാവുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും അമ്മയും ഫെഫ്കയുമടക്കമുള്ള സംഘടനകളിലാണ് ആദ്യം ഉന്നയിക്കപ്പെടാറുള്ളത്. തുടര്‍ന്ന് സംഘടനനേതൃത്വം കൂടി ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിക്കാറുള്ളതും. എന്നാല്‍ പതിവിന് വിപരീതമായി മഞ്ജുവാര്യര്‍ നേരിട്ട് പൊലീസിനെ സമീപിക്കുകയാണ് ഇവിടെ. പരാതിയില്‍ മഞ്ജു ഉറച്ചു നില്‍ക്കുന്ന പക്ഷം സംഘടനകള്‍ക്കും ഇതില്‍ കാര്യമായി ഇടപെടാനാവില്ല. 

വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് കളമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്. 

 

Follow Us:
Download App:
  • android
  • ios