
കോട്ടയം: കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ഇത്തവണ പിറക്കുമെന്ന പി സി ജോര്‍ജിന്‍റെ സ്വപ്നം പൊലിഞ്ഞു. പൂഞ്ഞാറിൽ മത്സരിച്ച പി സി ജോര്‍ജും പാലായിൽ മത്സരിച്ച ഷോൺ ജോര്‍ജും തോല്‍വി ഉറപ്പിച്ചുകഴിഞ്ഞു. പാലായിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച ഷോൺ മൂന്നാം സ്ഥാനത്താണ്. മാണി സി കാപ്പനാണ് മുന്നിൽ. പൂഞ്ഞാറിൽ പി സി ജോര്‍ജും മൂന്നാം സ്ഥാനത്താണ്. അവിടെയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നിൽ.
പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പി സി ജോര്‍ജ് പറഞ്ഞിരുന്നു. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുകയും ചെയ്യും. രാജീവ് ചന്ദ്രശേഖർ മികച്ച നേതാവാണ്. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ഫലം ആകും ഉണ്ടാകുക. യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും. എൽഡിഎഫ് തീരെ മോശം ആകില്ല. 11 സീറ്റിൽ എൻഡിഎ ജയിക്കും.
കേരളത്തിന് പുറത്ത് സിപിഎമ്മും കോൺഗ്രസും ഒന്നാണ്. ഇത്തവണ കേരളത്തിലും അവർ ഒന്നിക്കട്ടെ. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും പി സി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോസ് കെ മാണി പാലായിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഷോൺ ജോർജും പറഞ്ഞിരുന്നു. പാലായിലെ മത്സരം യുഡിഎഫും എൻഡിഎയും തമ്മിലായിരുന്നു. എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകൾ അനുകൂലം ആകുമെന്നും ഷോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam