
കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി സി തോമസ്. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി ഗ്യാനേഷ് കുമാർ ഇടപെട്ടുവെന്നും ജോസ് കെ മാണിയുടെ അപരന്‍റെ പത്രിക കാരണങ്ങൾ ഇല്ലാതെ തള്ളിയെന്നുമാണ് ആരോപണം. പത്രിക തള്ളിയതിന് കാരണം ഒപ്പ് വ്യത്യാസം എന്നായിരുന്നു ഗ്യാനേഷ് കുമാറിന്‍റെ വിശദീകരണമെന്നും കെ എം മാണിയുടെ നിർദ്ദേശപ്രകാരം ആയിരിക്കാം ജില്ലാ കലക്ടർ ആയിരുന്ന ഗ്യാനേഷ് കുമാർ ഇടപെട്ടതെന്നും ഈ വിഷയത്തിൽ അന്വേഷണം വേണെന്നും പി സി തോമസ് പ്രതികരിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് ഇരിക്കാൻ ഗ്യാനേഷ് കുമാറിന് യോഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ. കെഎസ്ടിപി അഴിമതിയിൽ 2006ൽ അന്വേഷണം നടന്നെങ്കിലും പിന്നീട് മുന്നോട്ടു പോയില്ല. ഗ്യാനേഷ് കുമാറിൽ നിന്ന് മൊഴി ഉൾപ്പെടെ രേഖപ്പെടുത്തി അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മലയിൻകീഴ് വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിൻ്റെ പരാതിയിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഇടപെടലുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പരാതിയെന്നും ആത്മഹത്യ ചെയ്ത മലേഷ്യൻ പൗരൻ ലീയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ ഗ്യാനിഷ് കുമാറിന്റെ പേര് കൃത്യമായി പറയുന്നുണ്ട്. ഗ്യാനേഷ് കുമാറിന്റെ ഇടപെടൽ കൊണ്ടാകാം അന്വേഷണം വഴിമുട്ടിയത് എന്നും വേണുഗോപാൽ സംശയം പ്രകടിപ്പിച്ചു. ഒരു ദിവസം പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്തിരിക്കാൻ ഗ്യാനേഷ് കുമാറിനു യോഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെഎസ്ടിപി അഴിമതിയിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ, കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു. എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമർശമാണ് ഗ്യാനേഷ്കുമാറിന് കുരുക്കായത്. കോൺഗ്രസിന്റ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് 20 വർഷം മുൻപുള്ള സംഭവത്തിലെ അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam