
തിരുവനന്തപുരം: തലസ്ഥാന നഗര ഭരണത്തിൽ ബി ജെ പിക്ക് വലിയ ആശ്വാസം. പാർട്ടിയോട് കലഹിച്ച് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ മുൻ ഡി ജി പി ആർ ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു. ശാസ്തമംഗലം വാർഡിന്‍റെ വാട്സ് ആപ് ഗ്രൂപ്പിലിട്ട സന്ദേശം ശ്രീലേഖ പിൻവലിച്ചതോടെ ശക്തമായ അനുനയ നീക്കങ്ങൾ ഫലം കണ്ടിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കില്ലെന്ന് ബി ജെ പി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. രാജി പിൻവലിക്കുന്നതിലും നിലവിലെ സംഭവവികാസങ്ങളിലും ശ്രീലേഖ ഇതുവരെ നേരിട്ട് പരസ്യമായ വിശദീകരണമൊന്നും നൽകിയിട്ടില്ല. പാർട്ടിയോടുള്ള അതൃപ്തിയല്ല ശാരീരിക അസ്വസ്ഥതയായിരുന്നു ശ്രീലേഖയുടെ പ്രശ്നമെന്നാണ് നേതാക്കളുടെ വിശദീകരണം. ഭീഷണി ഒഴിവായെങ്കിലും രാജിനാടകത്തിൽ ശ്രീലേഖക്കും ബി ജെ പിക്കുമുണ്ടായത് വലിയ നാണക്കേടാണ്.
ഒരുദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ശ്രീലേഖ അയഞ്ഞത്. രാജിസന്ദേശം വന്നത് മുതൽ ബി ജെ പി സംസ്ഥാന ജില്ലാ നേതാക്കൾ നടത്തിയ ഇടപെടലുകളാണ് ഫലം കണ്ടത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പലതവണ സംസാരിച്ചു. പ്രശ്നങ്ങളും പരാതികളും പരിഹരിക്കാമെന്നാണ് നേതൃത്വം നൽകിയ ഉറപ്പ്. ഇതിന് പിന്നാലെയാണ് വാർഡിന്‍റെ വാട്സ് ആപ് ഗൂപ്പിലിട്ട രാജി സന്ദേശം ശ്രീലേഖ ഡീലിറ്റ് ചെയ്തത്. കൂടുതൽ വിശദീകരണം ഒന്നും നൽകിയിട്ടില്ല. അമ്പരപ്പിച്ച നീക്കത്തിന് പിന്നാലെ ശ്രീലേഖ ശാരീരിക പ്രശ്നങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് നേതാക്കൾ വിശദീകരിച്ചിരുന്നു. ആശുപത്രിയിലെത്തി സന്ദർശിക്കുന്ന ഫോട്ടോ, ജനറൽ സെക്രട്ടറി എസ് സുരേഷ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ശാരീരിക അസ്വാസ്ഥ്യം കാരണം ജനപ്രതിനിധിയുടെ ചുമതല നിർവ്വഹിക്കാൻ കഴിയില്ല എന്ന ചിന്ത്രയും ഉത്ക്ഠണ്ഠയുമാണ് അവർക്ക്. അത് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് രാജിക്കാര്യമെന്നാണ് വാദം. സമാന ചിത്രം പങ്ക് വെച്ച സംസ്ഥാന അധ്യക്ഷൻ, ശ്രീലേഖ ആരോഗ്യസ്ഥിതി വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചു. രക്തസമ്മർദ്ദം കൂടിയത് അടക്കമുള്ള പ്രശ്നങ്ങളാൽ ഇന്നലെയാണ് ശ്രീലേഖയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു.
വാർഡ് കൗൺസിലർ എന്ന നിലക്ക് പ്രവർത്തിക്കുന്നതിന്‍റെ പ്രശ്നങ്ങളും പരിമിതിയും അനുനയത്തിനെത്തിയ നേതാക്കളോട് ശ്രീലേഖ അറിയിച്ചു. സഹായത്തിന് കൂടുതൽ ആളുകളെ അടക്കം ഏർപ്പെടുത്താമെന്നാണ് ഉറപ്പ്. നിലവിൽ പ്രതിസന്ധി ഒഴിഞ്ഞെങ്കിലും രാജിക്കാര്യം വാർഡിലെ വോട്ടർമാരെ അറിയിച്ച് പിന്നീട് പിൻവാങ്ങേണ്ടി വന്ന നാടകത്തിനറെ നാണക്കേട് ശ്രീലേഖക്കുണ്ട്. പദവിക്കായി വിലപേശി എന്ന നിലക്കുള്ള ആക്ഷേപങ്ങൾ ഇനിയും നേരിടേണ്ടിവരും. വെറും കൗൺസിലറായി നാല് വർഷത്തോളം ശ്രീലേഖ തുടരുമോ, അപ്രതീക്ഷിത ഭീഷണി നീക്കങ്ങളും തുടരുമോ എന്ന പ്രശ്നം ബി ജെ പിക്കും മുകളിലുണ്ട്. എല്ലാ നാടകവും ജനം കാണുന്നുണ്ടെന്ന പരിഹാസമാണ് കോൺഗ്രസും സി പി എമ്മും പങ്കുവയ്ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam