
തിരുവനന്തപുരം: വിദേശത്ത് നിന്ന് 30 കിലോ സ്വർണം ഡിപ്ലോമാറ്റിക് ചാനൽ വഴി കടത്താന്‍ ശ്രമിച്ച കേസിൽ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടി വരുമെന്നും ഇത് കേരളത്തിന് അപമാനം ഉണ്ടാക്കുമെന്നും കേരള കോൺഗ്രസ് ചെയർമാനും എൻ ഡി എ ദേശീയ സമിതി അംഗവുമായ പി.സി തോമസ്. നിശാ ഡാൻസ് ഉദ്ഘാടനം ചെയ്യുന്ന മന്ത്രിയും, ഇതുപോലത്തെ കാര്യങ്ങൾക്ക് ഇടപെടുന്ന ഓഫീസിൻറെ അധിപൻ മുഖ്യമന്ത്രിയും കേരളത്തിന് ഏറെ അപമാനകരമാണെന്നും പിസി തോമസ് പറഞ്ഞു.
സ്വർണ്ണം കടത്താൻ ശ്രമിച്ച ആളെ വിട്ടയക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നു എന്ന്, ഇന്നലെ തന്നെ വാർത്തയായിരുന്നു . ഇനിയും പല സമ്മർദ്ദങ്ങൾ കൂടുതലായി വരും എന്നുള്ളതിന് സംശയം ഇല്ല. ഡിപ്ലോമാറ്റിക് ചാനൽ വഴി ഇതിനുമുമ്പും സ്വർണക്കള്ളക്കടത്ത് നടത്തി എന്നും ഏതാണ്ട് വ്യക്തമായിരിക്കുന്നു.
ഡിപ്ലോമാറ്റിക് ചാനൽ എന്ന് പറയുന്നത് വി.ഐ.പി. മാർക്ക് മാത്രം ഉള്ള വഴിയാണ്. ഏത് വി.ഐ.പി യുടെ പേരാണ് സ്വർണവുമായി യാത്ര ചെയ്തയാൾ ഉപയോഗിച്ചത് എന്നുള്ളതും വ്യക്തമാകണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ വിഐപി ആരാണെന്ന് എല്ലാവർക്കുമറിയാം . സ്വർണം കൊണ്ടു വന്ന ആൾ ഏജൻറ് മാത്രമാണെന്നും,15 ലക്ഷം രൂപ കമ്മീഷൻ ആയിരുന്നു എന്നും അറിയുമ്പോൾ കേരളത്തിന് നാണക്കേട് കൂടുകയാണ്. ഇത് എത്രാമത്തെ പ്രാവശ്യം നടന്ന കള്ളക്കടത്ത് ആയിരിക്കണം- പിസി തോമസ് ചോദിച്ചു.
കേസിലുൾപ്പെട്ടവരായി പറയപ്പെടുന്ന ആളുകൾ ആരാണെന്ന് വ്യക്തമായതു സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യൽ നടക്കുമ്പോൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാൻ പറ്റില്ല . അതു നിയമപരമായി നടന്നിരിക്കണം. അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും പ്രതിക്കുവേണ്ടി ആരാണ് ഫോൺ ചെയ്തത് എന്നും ,എന്താണ് പറഞ്ഞത് എന്നും, എന്തിനാണ് ഫോൺ ചെയ്തത് എന്നും , ആരോടാണ് പറഞ്ഞത് എന്നും ഉള്ള കാര്യങ്ങളൊക്കെ ഇനി പുറത്തു വരേണ്ടതായിട്ടുണ്ട്.
ഇപ്പോഴുള്ള അന്വേഷണത്തിന് പരിമിതികൾ പലതും കാണും.എത്രമാത്രം നല്ല രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നുള്ളത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ ജനങ്ങളുടെ മുമ്പിൽ വ്യക്തമാക്കി കൊടുക്കുന്നത് നന്നായിരിക്കും. കള്ളക്കടത്തിന് വേണ്ടി ഇടപെട്ടിട്ടുള്ള ഒരു മുഖ്യമന്ത്രിയുടെ ഓഫീസ്സ് ഇന്നേവരെ ഭാരതത്തിൽ ഉണ്ടായിക്കാണാൻ വഴിയില്ലെന്നും തോമസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam