എകെജി സെൻ്ററിൽ നടന്നത് നാനോ ഭീകരാക്രമണം, ബോംബെറിഞ്ഞയാളെ പൊലീസ് പിന്തുടരാതിരുന്നത് എന്തു കൊണ്ട്: വിഷ്ണുനാഥ്

Published : Jul 04, 2022, 02:24 PM IST
എകെജി സെൻ്ററിൽ നടന്നത് നാനോ ഭീകരാക്രമണം, ബോംബെറിഞ്ഞയാളെ പൊലീസ് പിന്തുടരാതിരുന്നത് എന്തു കൊണ്ട്: വിഷ്ണുനാഥ്

Synopsis

ബോംബ് വീണപ്പോൾ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന പോലെ ശബ്ദം കേട്ടെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി പ്രതികരിച്ചത്. അപ്പോൾ പിന്നെ എന്തുകൊണ്ട് ആ ശബ്ദം അവിടെ കാവൽ നിന്ന പൊലീസുകാർ കേട്ടില്ല.

എകെജി സെൻ്ററിൽ നടന്നത് നാനോ ഭീകരാക്രമണം: നിയമസഭയിൽ പരിഹാസവുമായി പി.സി.വിഷ്ണുനാഥ്

തിരുവനന്തപുരം:  എകെജി സെൻ്റർ ആക്രമണത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെഅതിരൂക്ഷ വിമർശനവും പരിഹാസവുമായി പി.സി.വിഷ്ണുനാഥ്. ഭരണകക്ഷിയുടെ ആസ്ഥാനമന്ദിരമായ എകെജി സെൻ്റർ ആക്രമിക്കപ്പെട്ട് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ലെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സ്ഫോടക വസ്തു എറിഞ്ഞത് കോൺഗ്രസുകാരാണ് എന്ന് വരെ വരുത്തി തീർക്കാൻ സിപിഎം ശ്രമിച്ചെന്നും അതിൻ്റെ വ്യാപകമായ അക്രമം അഴിച്ചു വിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  എകെജി സെന്റർ ആക്രമണത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു വിഷ്ണുനാഥ്. പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയത്തിൽ ചർച്ചയാവാം എന്ന് മുഖ്യമന്ത്രി സമ്മതിച്ചതോടെയാണ് സഭനിർത്തിവച്ച് രണ്ട് മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് സ്പീക്കർ അനുവാദം നൽകിയത്. 


നാല് ദിവസം ആയിട്ടും എകെജി സെൻ്റർ ആക്രമണത്തിലെ പ്രതിയെ പിടിച്ചിട്ടില്ല. ഈ ആക്രമണത്തിൻ്റെ പേരിൽ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടിട്ടും  പൊലീസ് നോക്കി നിന്നു. പ്രകോപന മുദ്രാവാക്യങ്ങൾ പൊലീസ് കേട്ട് നിൽക്കുകയാണ്. മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ  ഐഎൻടിയുസി ഓഫീസ് വരെ ആക്രമിക്കപ്പെട്ടു. എന്നിട്ടും നിഷ്ക്രിയരായി നിൽക്കുകയാണ് പൊലീസ്. എകെജി സെന്റർ അതി സുരക്ഷാ മേഖലയിലാണ്. എന്നിട്ടും പൊലീസ് കാലവിൽ ഇങ്ങനൊരു സംഭവമെങ്ങനെ നടന്നുവെന്ന് അറിയണം. ഇതേക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം. അക്രമിെ പിന്തുടരാൻ എന്തുകൊണ്ട് കാവൽ നിന്ന പൊലീസുകാർ ശ്രമിച്ചില്ല എന്നറിയേണ്ടതുണ്ട്. സ്കൂട്ടറിൽ പോയ അക്രമിയെ പിടിക്കാൻ വയർലസ് പോലും ഉപയോഗിച്ചില്ല എന്നത് ദുരൂഹമാണ്. ബോംബെറിഞ്ഞയാൾ കടന്നു പോയ വഴിയിലെ സിസിടിവി  ക്യാമറകൾ പരിശോധിക്കുന്നതിലും ഞെട്ടിപ്പിക്കുന്ന മെല്ലെപ്പോക്കാണ് പൊലീസ് കാണിച്ചത്.ഏതെങ്കിലും നിരപരാധിയുടെ തലയിൽ കേസ് കെട്ടിവച്ച് തടിയൂരാൻ ശ്രമിക്കുകയാണ് പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വയ്ക്കുന്ന അവസ്ഥയുണ്ടായി.

കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴും പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോയും പൊലീസ് എന്താക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ കയറിയ ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയാണ് പൊലീസ് ചെയ്തത്. പൊലീസിനെ അമിതമായി രാഷ്ട്രീയവത്കരിക്കുകയാണ് ഈ സർക്കാർ. നോട്ടീസ് നൽകി ചർച്ചക്കിടെ ഉള്ള മൂന്ന് മണിക്കൂർ ഗ്യാപിലാണ് കോട്ടയം ഡിസിസി ഓഫീസ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്തത്. ഇപി ജയരാജന് എവിടെ നിന്നാണ് എകെജി സെന്റർ ആക്രമിച്ചത് കോൺഗ്രസുകാരാണെന്ന വിവരം കിട്ടിയത്. ഇങ്ങനെയൊരു നിർണായക മൊഴി നൽകിയിട്ടും ഇപിയെ ചോദ്യം ചെയ്യാത്തതെന്ത് കൊണ്ടാണ്.

ബോംബ് വീണപ്പോൾ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന പോലെ ശബ്ദം കേട്ടെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി പ്രതികരിച്ചത്. അപ്പോൾ പിന്നെ എന്തുകൊണ്ട് ആ ശബ്ദം അവിടെ കാവൽ നിന്ന പൊലീസുകാർ കേട്ടില്ല. എകെജി സെൻ്ററിൽ  നടന്നത് നാനോ ഭീകരാക്രമണമാണ്. കോടിയേരിയുടെ പ്രസംഗ വേദിയിലേക്ക് ബോംബെറിഞ്ഞ ആളെയോ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമമുറ്റത്തെ കാറ് കത്തിച്ചവരെയോ ഇതുവരെ പിടികൂടിയില്ല. പി കൃഷ്ണപിള്ള സ്മാരകം തകർത്തത് കോൺഗ്രസുകാരെന്ന് നാടാകെ പറഞ്ഞ് നടന്നിട്ട് പിന്നീടെന്ത് സംഭവിച്ചു ? എകെജി സെൻ്ററിലേക്ക് എസ്ഡിപിഐക്കാർ സൗഹൃദ സന്ദർശനത്തിന് വന്ന ഫോട്ടോ ഫേസ്ബുക്കിൽ കണ്ടു. ഇവിടെ അങ്ങനെ വർഗ്ഗീയത തുലയണ്ട എന്ന് എഴുതിവയ്ക്കണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്റെ ആത്മഹത്യ: പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി
പൊലീസിന് മുന്നിൽ കടുത്ത വെല്ലുവിളി; കിട്ടിയത് കൈയ്യുറ മാത്രം, സിസിടിവിയില്ല; കോട്ടയത്ത് നടന്ന റബ്ബർ ബോർഡ് ക്വാർട്ടേർസ് മോഷണത്തിൽ നഷ്ടമായത് 73 പവൻ