പെഗാസസ് വിവാദം: പാര്‍ലമെന്‍റില്‍ വഴങ്ങാതെ പ്രതിപക്ഷം; ഇരുസഭകളിലും ബഹളം, സഭ നിര്‍ത്തിവെച്ചു

By Web TeamFirst Published Jul 20, 2021, 11:49 AM IST
Highlights

അഞ്ച് മിനുട്ടോളം മാത്രമാണ് ലോകസഭ ചേരാനായത്. പെഗാസസ് ചോർച്ചയടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് അംഗങ്ങൾ ബഹളം വച്ചതോടെയാണ് സഭ നിർത്തിവച്ചത്. 

ദില്ലി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിൻ്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. സഭ പ്രക്ഷുബ്ധമായതോടെ ലോകസഭ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു. രാജ്യസഭ പന്ത്രണ്ട് മണി വരെ പിരിഞ്ഞു. പ്രതിപക്ഷം വിഷയത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 

അഞ്ച് മിനുട്ടോളം മാത്രമാണ് ലോകസഭ ചേരാനായത്. പെഗാസസ് ചോർച്ചയടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് അംഗങ്ങൾ ബഹളം വച്ചതോടെയാണ് സഭ നിർത്തിവച്ചത്. ജനാധിപത്യ സംവിധാനത്തെ താറടിക്കാനുള്ള ശ്രമമെന്ന പ്രസ്താവനയുമായി ഫോണ്‍ ചോര്‍ത്തൽ വിവാദത്തെ പ്രതിരോധിച്ച ഐടി മന്ത്രി അശ്വനി വൈഷ്ണവിന്‍റെ ഫോണ്‍ വരെ ചോര്‍ത്തിയെന്നാണ് ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ റിപ്പോര്‍ട്ട്. അശ്വനി വൈഷ്ണവ് ഇന്ന് രാജ്യസഭയിൽ സംസാരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഭയിൽ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.

വൈകീട്ട് പ്രധാനമന്ത്രി കൊവിഡ് പ്രതിരോധ വാക്സിനേഷൻ നടപടികളെ കുറിച്ച് വിശദീകരിക്കാൻ പാര്‍ലമെന്‍റ് അംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനുള്ള യോഗത്തിൽ ആരോഗ്യസെക്രട്ടറി സംസാരിക്കുമെന്നാണ് സർക്കാർ ഒടുവിൽ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകുമെന്നും സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്. 

click me!