കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം മുടങ്ങി; 40000ത്തോളം കുടുംബങ്ങൾ ദുരിതത്തിൽ

By Web TeamFirst Published Jun 29, 2021, 12:04 PM IST
Highlights

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി, സംസ്ഥാന സര്‍ക്കാരാണ് നിലവില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം  ഒപ്പിട്ട ധാരണപത്രത്തിന്‍റെ കാലാവധി ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ  അവസാനിച്ചു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം മുടങ്ങി. സഹകരണബാങ്കുകളുമായുള്ള സര്‍ക്കാര്‍ ധാരണപത്രം സംബന്ധിച്ച് ഉത്തരവിറങ്ങാത്തത് കൊണ്ടാണ് പെൻഷൻ വിതരണം വൈകുന്നത്. 40000ത്തോളം കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായെന്ന് പെൻഷൻകാരുടെ സംഘടന പറയുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട് .

പ്രതിമാസം 60 കോടിയോളം രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി, സംസ്ഥാന സര്‍ക്കാരാണ് നിലവില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. പെന്‍ഷനു വേണ്ടി സഹകരണബാങ്കുകള്‍ ചെലവഴിക്കുന്ന തുക 10 ശതമാനം പലിശ സഹിതം സര്‍ക്കാര്‍ നല്‍കുമെന്നാണ് കരാര്‍. കഴിഞ്ഞ വര്‍ഷം ഒപ്പിട്ട ധാരണപത്രത്തിന്‍റെ കാലാവധി ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ  അവസാനിച്ചു.

പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ കരാര്‍ രണ്ടുമാസം കൂടി നീട്ടി. ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള ധാരണപത്രം ഇതുവരെ തയ്യാറാക്കി ഉത്തരവിറങ്ങാത്തതാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണം

പെന്‍ഷന്‍ മുടങ്ങില്ലെന്ന് ഇടതുമുന്നണി കഴി‍ഞ്ഞ പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു . സഹകരണബാങ്കുകളുമായുള്ള ധാരണപത്രം സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉത്തരവിറങ്ങിയാലുടന്‍ പെന്‍ഷന്‍ വിതരണം പുനരാരംഭിക്കുമെന്നും അടുത്ത ഏപ്രില്‍ വരെ മുടങ്ങില്ലെന്നുമാണ് വിശദീകരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!