
കോഴിക്കോട്: കക്കയം ജലവൈദ്യുത പദ്ധതിയിലെ (കുറ്റിയാടി അഡീഷണൽ എക്സ്റ്റൻഷൻ സ്കീം – 2x50 മെഗാവാട്ട്) കനത്ത മഴയിൽ തകർന്ന പെൻസ്റ്റോക്ക് ഗിര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് വൈദ്യുതി ഉത്പാദനം പൂര്‍ണമായി പുനഃരാരംഭിച്ചു. മേയ് 25-നുണ്ടായ കനത്ത മഴയിലാണ്, കൂറ്റൻ പാറക്കല്ലുകൾ പെൻസ്റ്റോക്ക് പൈപ്പിനുമേൽ വീണതിനെ തുടർന്ന് റോക്കർ സപ്പോർട്ടുകളും നാല് റിങ് ഗിര്‍ഡറുകളും തകർന്നത്. ഇതിന്റെ ഫലമായി 50 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ നിലച്ചതോടെ ഉത്പാദനത്തിൽ 100 മെഗാവാട്ട് കുറവുണ്ടായി.
അതീവ ദുഷ്‌കരമായ ഭൂപ്രകൃതിയും, വന്യമൃഗ ശല്യവും, പ്രതികൂല കാലാവസ്ഥയും ഉണ്ടായിട്ടും, ഗിർഡറുകൾ തിരികെ ഘടിപ്പിച്ച് വെൽഡിങ് ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചുവെന്ന് അധികൃതർ അറിയിച്ചു. 2025 മെയ് 31-ന് യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവൃത്തികൾ 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. പെൻസ്റ്റോക്ക് പൈപ്പിന് സ്ഥാന ചലനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം ജൂൺ 14-ന് ജലം നിറയ്ക്കാൻ ആരംഭിച്ചു. തുടർന്ന് മെഷീൻ നമ്പർ 6 ജൂൺ 16നും, മെഷീൻ നമ്പർ 5 ജൂൺ 17-നും ഗ്രിഡിൽ ബന്ധിപ്പിച്ചു. നിലവിൽ കക്കയം പദ്ധതിയിലെ എല്ലാ യുണിറ്റുകളും പൂര്‍ണ്ണ ശേഷിയിൽ പ്രവർത്തിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.