കര്‍ഷകര്‍ക്കുള്ള സ്വര്‍ണപണയവായ്പ അനര്‍ഹര്‍ തട്ടിയെടുക്കുന്നുവെന്ന് കൃഷിമന്ത്രി

By Web TeamFirst Published Jul 6, 2019, 11:16 AM IST
Highlights

നിലവിലെ വായ്പാ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്‍ഷിക വായ്പ കൈപ്പറ്റിയവരും കര്‍ഷകരുടെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുണ്ട്.

കോഴിക്കോട്: കാര്‍ഷിക വായ്പകള്‍ അനര്‍ഹര്‍ക്ക് കിട്ടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടി എടുക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. കാര്‍ഷിക വായ്പകള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് മാത്രം കിട്ടാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. നിലവിലെ വായ്പാ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്‍ഷിക വായ്പ കൈപ്പറ്റിയവരും കര്‍ഷകരുടെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുണ്ട്.

കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പാ ഇളവുകള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇക്കാര്യം ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക സ്വര്‍ണ്ണവായ്പകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രമേ നല്‍കാവൂ. അല്ലെങ്കില്‍ കൃഷിയാവശ്യത്തിന് മാത്രം വായ്പ എന്ന സാക്ഷ്യപത്രം ഹാജരാക്കിയ ശേഷം മാത്രം ലോണ്‍ അനുവദിക്കാവൂ എന്നും മന്ത്രി പറഞ്ഞു. 

കേന്ദ്ര ബജറ്റ് കാർഷിക മേഖലക്ക് അങ്ങേയറ്റം നിരാശയാണ് നല്‍കിയതെന്ന് പറഞ്ഞ മന്ത്രി കര്‍ഷകര്‍ക്ക് സഹായം നല്‍കുന്ന ഒരു പദ്ധതിയും ബജറ്റില്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. സ്പൈസ് ബോര്‍ഡിനുള്‍പ്പടെ യാതൊരു സഹായവും ലഭിച്ചില്ല. കേരളത്തിലുണ്ടായ പ്രളയദുരിതത്തെ സഹായിക്കാനും പദ്ധതികളില്ല. പ്രളയത്തില്‍ കേരളം മരിച്ചില്ലെങ്കിലും ബജറ്റില്‍ മരിച്ചെന്നും സുനില്‍ കുമാര്‍ പറഞ്ഞു. 

click me!