
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ ഇന്ന് സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും പി വി ഹരിദാസ് ഹാജരായിരുന്നില്ല. അതേസമയം, സഹകരണ വകുപ്പ് കണ്ടുകെട്ടുമോ എന്ന ഭയത്താൽ തന്റെ സ്വത്ത് അടുത്ത ബന്ധുവിന്റെ പേരിലേക്ക് മാറ്റാൻ ഇന്നലെ ഇയാൾ നീക്കം നടത്തിയിരുന്നു. പി വി ഹരിദാസ് ആദ്യം വില്ലേജ് ഓഫീസിലെത്തി തണ്ടപ്പേര് ഉൾപെടെയുള്ള രേഖകൾ കരസ്ഥമാക്കി.
പിന്നീട് പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തി. അപ്പോഴേക്കും സമരക്കാർ ഈ വിവരം അറിഞ്ഞ് ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. സൊസൈറ്റിയിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ സെക്രട്ടറിയുടെ സ്വത്ത് അനുവദിക്കില്ലെന്ന് ജോ രജിസ്ട്രാർ പ്രതികരിച്ചു. സ്വത്ത് വകകൾ ക്രയവിക്രയം ചെയ്യാൻ അനുവദിക്കരുതെന്ന് കാട്ടി ജോയിന്റ് രജിസ്ട്രാർ, ജില്ലാ രജിസ്ട്രാർക്ക് കത്ത് നൽകി. ഈ കത്ത് വൈകുന്നേരത്തോടെ പ്രത്യേക ദൂദൻ മുഖാന്തരം പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ചതോടെ സെക്രട്ടറിയുടെ നീക്കം പെളിയുകയായിരുന്നു.
അതേസമയം, പണം നഷ്ടപ്പെട്ടവർ നടത്തുന്ന റിലേ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയാണ് ചിട്ടി നടത്തിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി എൺപത്തി അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിന് ലഭിച്ച പരാതിയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam