പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയില്‍

By Web TeamFirst Published Nov 4, 2019, 6:59 AM IST
Highlights

കുറ്റപത്രം സമ‍ർപ്പിച്ച കേസിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. പ്രാഥമിക പരിശോധനയിൽ കുറ്റപത്രത്തിൽ പോരായ്മകളുണ്ടെന്നാണ് ഡിവിഷൻ ബെഞ്ച് അറിയിച്ചത്. 

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറിയ സിംഗിൾ ബ‌ഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം സമ‍ർപ്പിച്ച കേസിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. പ്രാഥമിക പരിശോധനയിൽ കുറ്റപത്രത്തിൽ പോരായ്മകളുണ്ടെന്നാണ് ഡിവിഷൻ ബെഞ്ച് അറിയിച്ചത്. 

അതേസമയം, കേസിൽ സർക്കാരിന് വേണ്ടി ഇന്ന് പുതിയ അഭിഭാഷകൻ ഹാജരാകും. മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ ആയ മനീന്ദർ സിംഗാണ് ഹാജരാകുന്നത്. കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാർ ആയിരുന്നു ഹാജരായത്. രഞ്ജിത്ത് കുമാറിന്റെ അസൗകര്യം പരിഗണിച്ചാണ് പുതിയ അഭിഭാഷകനെ നിശ്ചയിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. രഞ്ജിത്ത് കുമാറിന് ഇനി ഡിസംബര്‍ 10 ന്ശേഷം മാത്രമാണ് ഡേറ്റ് ഉള്ളത്. 

കഴിഞ്ഞ മാസം 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമർശിച്ചത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിർദ്ദേശം. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓ‌ര്‍മ്മിപ്പിച്ച കോടതി, കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കേസ് ഫയൽ സിബിഐക്ക് പൊലീസ് കൈമാറിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.

Also Read: പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐ ഏറ്റെടുത്തു

കേസിലെ ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛൻമാർ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 

click me!