കോടതി ഉത്തരവുണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറാൻ കാലതാമസം വരുത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.

തിരുവനന്തപുരം: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ കാലതാമസം വരുത്തുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.ഇതേ തുടർന്നാണ് കേസ് ഫയൽ സിബിഐക്ക് പൊലീസ് കൈമാറിയത്.

14 സിപിഎം പ്രവർത്തകർക്കെതിരെ സിബിഐ, എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസന്വേഷിക്കുന്നത്. പ്രത്യേക സംഘം സമർപ്പിച്ച കുറ്റപത്രം തള്ളിയാണ് ഹൈക്കോടതി കേസ് സിബിഐക്ക് മാറിയത്. കേസിലെ ഉന്നതതല ഗൂഡാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛൻമാർ ഹൈക്കോടതിയെ സമീപിച്ചത്.

സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവുണ്ടായിട്ടും കേസ് കൈമാറാത്തതിനെതിരെ രൂക്ഷമായി വിമർശനമാണ് ഹൈക്കോടതി ഇന്നലെ ഉന്നയിച്ചത്. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും കേരള പൊലീസിനുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡിജിപിയുടെ നടപടി കൃത്യവിലോപമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി പെരിയയില്‍ കൊലപ്പെട്ട ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും മാതാപിതാക്കളാണ് കോടതീയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം സിബിഐക്ക് വിട്ടുകൊടുക്കാന്‍ വൈകിപ്പിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കാനാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനും ഡിജിപിക്കുമെതിരെ തിരിഞ്ഞത്. എന്തു കൊണ്ടാണ് അന്വേഷണം സിബിഐക്ക് നല്‍കാന്‍ ഇത്രയും വൈകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഉടനടി കേസ് ഡയറി കൈമാറണമെന്നാണ് ഇതു സംബന്ധിച്ച ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ഡിജിപിയുടെ നടപടി കൃത്യവിലോപമാണ്. സമയം ആവശ്യമായിരുന്നുവെങ്കില്‍ ഡിജിപി കോടതിയെ സമീപിക്കണമായിരുന്നു. ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തുമെന്നും കോടതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.