പെരിയ കേസ് നിയമസഭയിൽ; വിടുവായത്തമെന്ന് മുഖ്യമന്ത്രി, ബഹളം, നാടകീയ രംഗങ്ങൾ

By Web TeamFirst Published Mar 3, 2020, 11:10 AM IST
Highlights

ഷാഫിയെ 'കള്ള റാസ്‌കൽ' എന്ന് ഇപി ജയരാജൻ മുഖ്യമന്ത്രിയുടെ മൈക്കിലൂടെ വിളിച്ചെന്ന് പ്രതിപക്ഷം. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

തിരുവനന്തപുരം: പെരിയ ഇരട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ നാടകീയ രംഗങ്ങള്‍. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിടുവായത്തം പറയുന്നതിന് മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിപക്ഷം നടുതലത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

സര്‍ക്കാരിനെയും ഡിജിപിയെയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിബിഐ അന്വേഷണം അട്ടിമറിക്കാൻ നീക്കമാണ് നടക്കുന്നതെന്ന് ഷാഫി ആരോപിച്ചു. അഞ്ച്  മാസമായി കേസ് ഡയറിയും രേഖകളും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാത്തത് ഇതിനുദാഹരണമാണ്. ഡിജിപി ആണ് ഇപ്പോൾ ആഭ്യന്തരമന്ത്രിയെന്ന് ഷാഫി പറമ്പിൽ വിമര്‍ശിച്ചു. 

തെളിവ് നശിപ്പിക്കാനും കുറ്റവാളികളായ സിപിഎം നേതാക്കളെ രക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. നികുതി പണം എടുത്ത് പാർട്ടി ഗുണ്ടകളെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ഷാഫി ആരോപിച്ചു. വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

Also Read: പെരിയ കൊലക്കേസ് രേഖകള്‍ സിബിഐക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍; അന്വേഷണം വഴിമുട്ടിയെന്ന് സിബിഐ

കേസ് സിബിഐക്ക് വിട്ട വിധിക്കെതിരായ അപ്പീൽ കോടതി പരിഗണനയിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അപ്പീലിൽ വാദം കേട്ട് വിധി പറയാൻ മാറ്റിയതാണെന്നും സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. വിടുവായത്തം പറയുന്നതിന് മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. 

പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് പൊരുതുന്ന സാഹചര്യം വരെ സഭയില്‍ ഉണ്ടായി. ഷാഫിയുടെ പരാമർശം തോന്ന്യാസമാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. അതിനിടെ, ഷാഫിയെ കള്ള റാസ്‌കൽ എന്ന് ഇപി ജയരാജൻ മുഖ്യമന്ത്രിയുടെ മൈക്കിലൂടെ പറഞ്ഞു എന്ന് പ്രതിപക്ഷം ആരോപിച്ചു.

മുഖ്യമന്ത്രിക്ക് എന്താണ് പെരിയ കേസിൽ ഇത്ര താൽപ്പര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വിടുവായത്തം എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം അങ്ങേക്ക് തന്നെ ഭൂഷണം ആകട്ടെ എന്ന് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ തിട്ടൂരം നടപ്പാക്കാനുള്ള എകെജി സെന്‍റർ അല്ല സഭ എന്ന് എംകെ മുനീർ വിമര്‍ശിച്ചു. ലീഗ് ഹൗസിന്‍റെ അനുഭവം വെച്ച് മുനീർ സംസാരിക്കേണ്ട എന്ന് പിണറായി മറുപടി നല്‍കി. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

click me!