പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വീണ്ടും ഹൈക്കോടതിയിൽ

By Web TeamFirst Published Aug 24, 2020, 6:31 PM IST
Highlights

കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഒമ്പത് മാസമായിട്ടും വിധി ഇല്ല. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. 

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട ശരത് ലാലിൻ്റെയും കൃപേഷിൻ്റേയും കുടുംബാംഗങ്ങൾ വീണ്ടും ഹൈക്കോടതിയിൽ. കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഒമ്പത് മാസമായിട്ടും വിധി ഇല്ല. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. വീണ്ടും വാദം കേട്ട് വിധി പറയണം എന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. ഹർജി നാളെ പരിഗണിക്കും.

കേസില്‍ അന്വേഷണം തുടങ്ങാനാകുന്നില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിപിഎം നേതാവ് പീതാംബരൻ അടക്കമുള്ള ഏഴ് പ്രതികളുടെ ജാമ്യ ഹർജി പരിഗണിച്ചപ്പോഴാണ് സിബിഐ വെളിപ്പെടുത്തൽ. കേസ് സിബിഐക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ ഒമ്പത് മാസമായിട്ടും വിധിപറയാത്തതാണ് അന്വേഷണം തടസ്സപെടുത്തിയത്. ഫെബ്രുവരി പതിനേഴിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 

കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസിൽ  കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബർ 25 ന്  കേസ് എറ്റെടുത്ത് സിബിഐ  കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ സർക്കാർ അപ്പീലുമായി ഡിവിഷൻ ബ‌ഞ്ചിനെ സമീപിച്ചു. സിംഗിൾ ബഞ്ച് ഉത്തരവ് നിലവിൽ ഡിവിഷൻ ബ‌ഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിൽ അന്വേഷണത്തിനും തടസ്സമില്ല. സർക്കാർ അപ്പീലിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരായിരുന്നു  സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായത്. 

click me!