'ഇനി വലയെറിയാം'; ട്രോളിങ് നിരോധനവും നീങ്ങി, അഞ്ചാം തിയതി മുതല്‍ മത്സ്യബന്ധനത്തിന് അനുമതി

By Web TeamFirst Published Aug 1, 2020, 8:25 AM IST
Highlights

ട്രോളിങ് നിരോധനം അവസാനിക്കുകയും ഇളവുകള്‍ നല്‍കുകയും ചെയ്തതോടെ സംസ്ഥാനത്ത് അഞ്ചാം തിയതി മുതല്‍ മത്സ്യബന്ധനം വീണ്ടും തുടങ്ങും

തിരുവനന്തപുരം: ട്രോളിങ് നിരോധനം അവസാനിക്കുകയും ഇളവുകള്‍ നല്‍കുകയും ചെയ്തതോടെ സംസ്ഥാനത്ത് അഞ്ചാം തിയതി മുതല്‍ മത്സ്യബന്ധനം വീണ്ടും തുടങ്ങും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

വറുതി കാലത്തിന് വിരാമമാവുകയാണ്. വള്ളങ്ങളും ബോട്ടുകളും കടലുകളിലേക്ക്. നാലാം തിയതി അര്‍ധ രാത്രി മുതല്‍ തുറമുഖങ്ങള്‍ സജീവമാകും. എന്നാൽ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാനങ്ങള്‍ക്ക് രജിസ്ട്രേഷൻ നമ്പറിന്‍റെ അടിസ്ഥാനത്തില്‍ ഒറ്റ ഇരട്ട അക്കം പാലിച്ച് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാം.

പുറപ്പെടുന്ന സ്ഥലത്ത് തന്നെ നിര്‍ബന്ധമായും തിരിച്ചെത്തണം. നിയന്ത്രിത മേഖലകളിലും മത്സ്യബന്ധനമാകാം , ഇവിടെ പിടിക്കുന്ന മല്‍സ്യങ്ങള്‍ അതാത് സ്ഥലത്ത് തന്നെ വില്‍പന നടത്തണം. പുറത്ത് പോകാൻ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ വഴി മാര്‍ക്കറ്റുകളിലെത്തിക്കാം. മത്സ്യലേലം പൂര്‍ണമായും ഒഴിവാക്കണം. തുറമുഖങ്ങളില്‍ ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികളും ലാന്‍ഡിങ് സെന്‍ററുകളില്‍ ജനകീയ കമ്മറ്റികളും വില നിശ്ചയിക്കും. നിയന്ത്രണങ്ങളുണ്ടെങ്കിലും തൊഴില്‍ പുനരാരംഭിക്കാന്‍ കഴിയുന്ന ആശ്വാസത്തിലാണ് തൊഴിലാളികള്‍.

click me!