ശബരിമല സ്വര്‍ണക്കൊള്ള നിയമസഭയിൽ ചര്‍ച്ച ചെയ്താൽ യുഡിഎഫിന് വിഷമം ഉണ്ടാകുന്ന സ്ഥിതിയുണ്ടാകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് 2004ൽ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡാണെന്നും മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയിൽ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സ്വര്‍ണക്കൊള്ള നിയമസഭയിൽ ചര്‍ച്ച ചെയ്താൽ യുഡിഎഫിന് വിഷമം ഉണ്ടാകുന്ന സ്ഥിതിയുണ്ടാകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് 2004ൽ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് ഇന്നത്തെ കോണ്‍ഗ്രസിന്‍റെ ഉന്നതനായ അഖിലേന്ത്യാ നേതാവായിരുന്നു ദേവസ്വം മന്ത്രി. അന്ന് മുതൽ ഉണ്ണികൃഷ്ണൻ പോറ്റി എല്ലാവിധ കളികളും കളിച്ചു. എൽഡിഎഫോ നേതാക്കളോ ഉണ്ണികൃഷ്ണൻ പോറ്റിയെ സംരക്ഷിക്കുന്നില്ല. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ശോഭ കെടുത്താൻ ആരോപണം കൊണ്ടുവന്നു. സ്പോൺസർ എന്ന് പറഞ്ഞു രംഗത്ത് വന്നു. കോണ്‍ഗ്രസ് അത് ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, പീഠം പോറ്റിയുടെ ബന്ധു വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തു. നേരത്തെ മുതൽ ഉണ്ണികൃഷ്ണൻ പോറ്റി - കോൺഗ്രസ് ബന്ധമുണ്ട്.എല്ലാം അയ്യപ്പ സംഗമത്തിന്‍റെ ശോഭ കെടുത്താനായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. മറവിൽ നിൽക്കുന്ന കുറ്റവാളികളെ കേരള പൊലീസ് പിടികൂടി. തെറ്റ് ചെയ്ത ആര് എന്നത് അല്ല. അവർക്ക് മേൽ ഒരു ദയയും ഉണ്ടാകില്ല എന്നതാണ്. 

നല്ല പൊലീസ് ടീമിനെ ഹൈക്കോടതി നിയോഗിച്ചു. അതി ശക്തമായ നിലപാട് കഴിഞ്ഞ ദിവസവും ഹൈക്കോടതി കൃത്യമായി പറഞ്ഞു. പ്രതികൾക്ക് ജാമ്യം കിട്ടിയത് കേസിനെ ബാധിക്കില്ലെന്നും കോടതി പറഞ്ഞു.കുറ്റപത്രം കൊടുക്കാതിരുന്നത് വിഷയമാക്കി കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നു. സർക്കാരിനെതിരെ തിരിച്ചു വിടുകയാണ്. എന്നാൽ, ഇതിനുള്ള മറുപടി കോടതി തന്നെ പറഞ്ഞു. പ്രതികൾക്ക് ജാമ്യം ഒരു പ്രശ്നമല്ല. അതിന് കൂടുതൽ സമയം വേണം. എസ്ഐടിക്ക് കോടതിയുടെ പൂര്‍ണ പിന്തുണയുണ്ട്. ഒരു ബാഹ്യ ശക്തിയും ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തുന്നില്ല. സോണിയ ഗാന്ധിയുടെ വീട്ടിൽ എങ്ങനെ പോറ്റി എത്തി? അതീവ സുരക്ഷയുള്ള സ്ഥലത്താണ് എത്തിയത്. പല നേതാക്കൾക്കും കയറാൻ പോലും പറ്റില്ല. അവിടെയാണ് പോറ്റി കയറിയത്. സ്വർണം കട്ടവരും വാങ്ങിയവരും സോണിയുടെ അടുത്ത് എത്തി.എന്താണ് പോറ്റി കോൺഗ്രസ് ബന്ധം? അന്താരാഷ്ട്ര ബന്ധം ആദ്യം പറഞ്ഞത് ചെന്നിത്തലയാണ്. ആർക്ക് അറിയാം എന്താണ് ആ ബന്ധം എന്താണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.