തിരുവനന്തപുരത്ത് റിമാന്‍ഡ് പ്രതിക്ക് കൊവിഡ്; 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും

By Web TeamFirst Published May 24, 2020, 5:36 PM IST
Highlights

റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ക്ക് കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് ഇന്നലെ പരിശോധന നടത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം സപെഷ്യൽ സബ് ജയിലിൽ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരന് കൊവിഡ്. അബ്കാരി കേസില്‍ ഇന്നലെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ക്ക് കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് ഇന്നലെ പരിശോധന നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ ഉടന്‍ മാറ്റും. ഇതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 30 പൊലീസുകാർ നിരീക്ഷണത്തിൽ പോകും. സംസ്ഥാനത്ത് ഇതാദ്യമായാണ് തടവുകാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്. 

സംസ്ഥാനത്ത് ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചത് 53 പേര്‍ക്കാണ്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്‌നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്. മൂന്ന് ദിവസം കൊണ്ട് സമ്പർക്കം വഴി 20 പേർക്ക് കൊവിഡ് പിടിപെട്ടു.

 


 

click me!