
കൊല്ലം: നൂറടി താഴ്ചയുളള കിണറിന്‍റെ ആഴങ്ങളില്‍ നിന്ന് ജീവിതം തിരികെ തന്ന സഹപ്രവര്‍ത്തകരെ നന്ദിയോടെ സ്മരിക്കുകയാണ് കൊല്ലം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥന്‍ വര്‍ണിനാഥ്. പെരുമ്പുഴ കിണര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിനിടയിലും കിണറില്‍ അകപ്പെട്ട തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടത് വര്‍ണിയെയും സഹപ്രവര്‍ത്തകരെയും സങ്കടത്തിലാഴ്ത്തുകയും ചെയ്യുന്നു.
എല്ലാം അവസാനിച്ചെന്നു കരുതിയിടത്തു നിന്ന് ജീവിതം തിരികെ പിടിച്ചതിന്‍റെ ആശ്വാസമുണ്ട് വര്‍ണിനാഥിന്‍റെ വാക്കുകളില്‍. മരണത്തെ മുഖാമുഖം കണ്ട ഘട്ടത്തില്‍ നിന്ന് വര്‍ണിയെ രക്ഷിച്ചെടുത്ത നിമിഷത്തെ പറ്റി സഹപ്രവര്‍ത്തകരുടെ ഓര്‍മയിലും നടുക്കം മാറുന്നില്ല. സഹപ്രവര്‍ത്തകന്‍റെ ജീവന്‍ രക്ഷിക്കാനായെങ്കിലും കിണറില്‍ അകപ്പെട്ട തൊഴിലാളികളുടെ ദാരുണാന്ത്യം ഈ സന്നദ്ധ പ്രവര്‍ത്തകരിലുണ്ടാക്കിയിരിക്കുന്ന സങ്കടം ചെറുതല്ല.
കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണർ ശുചീകരിക്കാനിറങ്ങിയ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. കിണറ്റിൽ കുടുങ്ങിയ നാല് പേരേയും അഗ്നിരക്ഷാസേന പുറത്ത് എത്തിച്ചു. ഗുരുതരാവസ്ഥയിൽ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടേയും ജീവൻ രക്ഷിക്കാനായില്ല.
കിണറ്റിൽ നിന്നും പുറത്തെടുക്കുമ്പോൾ മൂന്ന് പേർക്ക് ജീവനുണ്ടായിരുന്നു. അഗ്നിരക്ഷാസേന പ്രവർത്തകർ ഇവർക്ക് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരും രക്ഷപ്പെട്ടില്ല. ഇതിനിടെയായിരുന്നു ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥനായ വർണിനാഥ് കുഴഞ്ഞു വീണത്. നാലാമത്തെ ആളേയും പുറത്തെത്തിച്ച ശേഷമായിരുന്നു വർണിനാഥ് കുഴഞ്ഞുവീണത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam