
കൊച്ചി: നടപടിക്രമങ്ങൾ പാലിക്കാതെ അങ്കമാലി വില്ലേജിലെ ഭൂമിയുടെ ന്യായവില (ഫെയർ വാല്യു) കുറച്ച റവന്യൂ ഡിവിഷനൽ ഓഫിസറുടെ (ആർഡിഒ) ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അങ്കമാലി - അരൂർ ദേശീയപാത ബൈപാസിനായി ഭൂമി വിട്ടുനൽകുന്ന ജോണി ദേവസ്സി ഉൾപ്പെടെ 14 പേർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി ബാലകൃഷ്ണന്റെ ഉത്തരവ്.
2010ൽ നിശ്ചയിച്ച അടിസ്ഥാനവില നിലവിലിരിക്കെ, 2023 വരെ കേരളത്തിലെ വിവിധ വില്ലേജുകളിൽ സർക്കാർ പല ഘട്ടങ്ങളിലായി ന്യായവില 264% വരെ വർധിപ്പിച്ചെങ്കിലും അങ്കമാലിയിൽ നേരെ തിരിച്ചാണ് സംഭവിച്ചതെന്നാണ് ഹർജിക്കാരുടെ ആരോപണം. അതേസമയം, അങ്കമാലി സ്വദേശികളായ ചാക്കോച്ചൻ ഉൾപ്പെടെ 14 പേർ സമർപ്പിച്ച മറ്റൊരു ഹർജി പൊതുതാൽപര്യ വിഷയങ്ങൾ പരിഗണിക്കുന്ന ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.
ന്യായവില കുറയ്ക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് പാലിച്ചില്ലെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ അങ്കമാലി വില്ലേജിൽ ലഭിച്ച 504 അപേക്ഷകൾ പരിഗണിച്ച് ഭൂമിയുടെ ന്യായവില 150% മുതൽ 175% വരെ കുറച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇത് ഏകദേശം 25,000 ഭൂവുടമകളെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.
2010ൽ സർക്കാർ നിശ്ചയിച്ച അടിസ്ഥാനവിലയേക്കാൾ താഴെയാണ് നിലവിൽ ചില ഭൂമികളുടെ ന്യായവില നിശ്ചയിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. ഇതുമൂലം പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ലഭിക്കേണ്ട നഷ്ടപരിഹാരത്തുക ഗണ്യമായി കുറയുമെന്നും ഹർജിക്കാർ വാദിക്കുന്നു. ന്യായ വില കുറയ്ക്കാൻ അപേക്ഷ നൽകാത്തവരുടെ ഭൂമിയുടെ വിലയും കുറച്ച ആർഡിഒയുടെ നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam