പിഎഫ്ഐ ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ എല്ലാ കേസിലും പ്രതി ചേർക്കാൻ ഹൈക്കോടതി

By Web TeamFirst Published Sep 29, 2022, 11:38 AM IST
Highlights

'നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ. നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തിൽ സ്വത്തുക്കൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാം'

കൊച്ചി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിലെ അക്രമ സംഭവങ്ങളിൽ, പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ സർക്കാരിനോട് ഹൈക്കോടതി. ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ എന്ന് ഡിവിഷൻ ബെഞ്ച് മജിസ്ട്രേട്ട് കോടതികൾക്ക് നിർദേശം നൽകി. നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തിൽ  സ്വത്തുക്കൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. 

പിഎഫ്ഐ ഹർത്താൽ: ആഹ്വാനം ചെയ്തവർ 5.20 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി, പണം കെട്ടിയില്ലെങ്കിൽ റവന്യൂ റിക്കവറി

ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെ‍ഞ്ച് ഉത്തരവിട്ടു. തുക കെട്ടി വച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അർഹരായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി ശാർങധരൻ ആണ് ക്ലെയിംസ് കമ്മീഷണർ.

കേന്ദ്ര എജൻസികളായ എൻഐഎയും ഇഡിയും രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരെ നടത്തിയ പരിശോധനകളിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് കേരളത്തിൽ പിഎഫ്ഐ ഹർത്താലിന് ആഹ്വാനം ചെയ്തത്. മിന്നൽ ഹർത്താൽ ഹൈക്കോടതി നിരോധിച്ചിട്ടുള്ളത് കണക്കിലെടുക്കാതെയാണ് ഹർത്താലുമായി മുന്നോട്ടു പോയത്. ഹർത്താലിനിടെ സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങളും അരങ്ങേറി. നിരവധി കെഎസ്ആർടിസി ബസുകൾ തകർക്കപ്പെട്ടു. കടകൾക്ക് നേരെ ആക്രമണം ഉണ്ടായി. വഴിയാത്രക്കാരെ തടഞ്ഞു. സ്വകാര്യ വാഹനങ്ങൾ തകർത്തു. ജനജീവിതത്തെ സാരമായി ബാധിച്ചതോടെയാണ് ഹർത്താൽ ദിനത്തിൽ തന്നെ ഹൈക്കോടതി സ്വമേധയാ കേസെടുത്തതും കർശന നടപടികൾക്ക് സർക്കാരിന് നിർദേശം നൽകിയതും. ഹർത്താലിനോടനുബന്ധിച്ചുള്ള അക്രമങ്ങളിൽ 5 കോടി 6 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 
 

click me!