Asianet News MalayalamAsianet News Malayalam

പിഎഫ്ഐ ഹർത്താൽ: ആഹ്വാനം ചെയ്തവർ 5.20 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി, പണം കെട്ടിയില്ലെങ്കിൽ റവന്യൂ റിക്കവറി

എതിർ കക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് പണം കെട്ടേണ്ടത്. നഷ്ടപരിഹാരം വിതരണം ചെയ്യാൻ ക്ലെയിംസ് കമ്മീഷണറേയും നിയോഗിച്ചു

PFI hartal: HC directs to deposit Rs 5.20 crore, Revenue recovery if money is not deposited
Author
First Published Sep 29, 2022, 12:42 PM IST

കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെ‍ഞ്ച് ഉത്തരവിട്ടു. തുക കെട്ടി വച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അർഹരായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി.ശാർങധരൻ ആണ് ക്ലെയിംസ് കമ്മീഷണർ.

ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് തുക കെട്ടി വയ്ക്കേണ്ടത്. ഇങ്ങനെ കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും. സർക്കാരും കെഎസ്ആർടിസിയും നൽകിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. നഷ്ടം ഇതിലധികമാണെങ്കിൽ ആ തുകയും ക്ലെയിംസ് കമ്മീഷണർക്ക് മുമ്പാകെ കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. 

പിഎഫ്ഐ ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ എല്ലാ കേസിലും പ്രതി ചേർക്കാൻ ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സർക്കാരിനോടാണ് ഇക്കാര്യം നിർദേശിച്ചത്. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ എന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇക്കാര്യത്തിൽ എല്ലാ മജിസ്ട്രേട്ട് കോടതികൾക്കും ഹൈക്കോടതി നിർദേശം നൽകി. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 

കേസ് പരിഗണിക്കവേ, പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട ആക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 487കേസുകൾ  രജിസ്റ്റർ ചെയ്തുവെന്ന് സർക്കാർ അറിയിച്ചു. 1,992 പേരെ അറസ്റ്റ് ചെയ്തു. 687 പേരെ കരുതൽ കസ്റ്റഡിയിലെടുത്തുവെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios