General Bipin Rawat : 'അപകട ശേഷം ബിപിന്‍ റാവത്ത് സംസാരിച്ചു'; വെളളം ചോദിച്ചുവെന്നും നാട്ടുകാരന്‍

Published : Dec 09, 2021, 05:18 PM ISTUpdated : Dec 09, 2021, 07:02 PM IST
General Bipin Rawat : 'അപകട ശേഷം ബിപിന്‍ റാവത്ത് സംസാരിച്ചു'; വെളളം ചോദിച്ചുവെന്നും നാട്ടുകാരന്‍

Synopsis

ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചെങ്കിലും നല്‍കാൻ കഴിഞ്ഞില്ലെന്നും രക്ഷാപ്രവർത്തകനായ ശിവകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കുനൂ‍ർ: ഹെലികോപ്ട‍ർ അപകടത്തിൽ (Helicopter crash) മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ (General Bipin Rawat) അപകട സ്ഥലത്ത് നിന്ന് കണ്ടെത്തുമ്പോൾ അദ്ദേഹം സംസാരിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമീണൻ. ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചെങ്കിലും നല്‍കാൻ കഴിഞ്ഞില്ലെന്നും രക്ഷാപ്രവർത്തകനായ ശിവകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഭവസ്ഥലത്ത് എത്തുമ്പോൾ ഹെലികോപ്റ്റർ കത്തിയമരുന്ന കാഴ്ചയാണ് കണ്ടത്. അതിന്‍റെ ഉള്ളില്‍ നിന്ന് ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരിസരത്ത് നടത്തി തിരച്ചിലാണ് മൂന്ന് പേരെ കണ്ടെത്തിയത്. അദ്ദേഹത്തെ ആദ്യം കണ്ടയാൾ വേദനയിൽ തളർന്നിരിക്കുകയായിരുന്നു. സാറിനെ ഞങ്ങൾ രക്ഷപ്പെടുത്തുമെന്ന് പറഞ്ഞ് അദ്ദേഹത്തെ സമാധാനപ്പെടുത്തി. അദ്ദേഹം വെള്ളം ചോദിച്ചെങ്കിലും നല്‍കാൻ കഴിഞ്ഞില്ല. പിന്നീട് ഉദ്ദ്യോഗസ്ഥരെത്തി അദ്ദേഹത്തെ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ശിവകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഹെലികോപ്ടറിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന്  ജീവനുണ്ടായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളിയും പ്രതികരിച്ചു. ബിപിൻ റാവത്ത് തന്‍റെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തോട് പറഞ്ഞു. ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളൊക്കെ ഉപയോഗിച്ച് ആദ്യം തീയണയ്ക്കാൻ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 

Also Read:  'പുറത്തെടുത്തപ്പോള്‍ സംസാരിച്ചു', ബിപിന്‍ റാവത്ത് പേര് പറഞ്ഞെന്ന് രക്ഷാപ്രവര്‍ത്തകന്‍

അതേസമയം, ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടുപോയി. സുലൂരിലെ വ്യോമത്താവളത്തിൽ സൈനികർ ആദരാ‍ഞ്ജലിയർപ്പിച്ചു. ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേരുടെ മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രത്യേക സൈനിക വ്യൂഹത്തിനെ കാത്ത് വഴി നീളെ നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്. വാഹനവ്യൂഹം കടന്ന് പോകുന്ന പാതകളിൽ പുഷ്പവൃഷ്ടി നടത്തിയ നാട്ടുകാ‍ർ വാഹനവ്യൂഹത്തിന് സല്യൂട്ട് നൽകുകയും ഒരേ സ്വരത്തിൽ വന്ദേഭാരതം മുഴക്കുകയും ചെയ്തു. തങ്ങളുടെ നാട്ടിൽ വച്ചു നടന്ന ഇത്ര വലിയൊരു ദുരന്തത്തിൻ്റെ ആഘാതത്തിലായിരുന്ന നാട്ടുകാരിൽ നിറക്കണ്ണുകളോടെയാണ് ജനറൽ ബിപിൻ റാവത്തിനും സംഘത്തിനും വിട ചൊല്ലിയത്. 

Also Read: ബിപിൻ റാവത്തിനും സൈനികർക്കും കണ്ണീർ പൂക്കളേകി കൂനൂർ

അതിനിടെ, മൃതദേഹങ്ങളും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം രണ്ട് തവണ അപകടത്തിൽപ്പെട്ടു. തമിഴ്നാട് പൊലീസിൻ്റേയും കരസേനയുടേയും അകമ്പടിയോടെ കൂനൂരിൽ നിന്നും സുലൂരുവിലേക്ക് പുറപ്പെട്ട വാഹനവ്യൂഹത്തിലെ ഒരു ആംബുലൻസ് പൊലീസുകാ‍ർ സഞ്ചരിച്ച വാനുമാണ് ഇടിക്കുകയായിരുന്നു. ആദ്യത്തെ അപകടത്തിൽ പൊലീസുകാർ സഞ്ചരിച്ച വാഹനം ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിലാണ് ഇടിച്ചത്. ഈ അപകടത്തിൽ പത്ത് പൊലീസുകാർക്ക് പരിക്കേറ്റെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു ശേഷം വാഹനവ്യൂഹം യാത്ര തുടർന്നെങ്കിലും മേട്ടുപാളയത്ത് വച്ച് ഒരു മൃതദേഹവുമായി പോയ ആംബുലൻസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. 

Also Read: ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വാഹനവ്യൂഹം രണ്ട് തവണ അപകടത്തിൽപ്പെട്ടു

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇതില്‍ 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെടാനായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ്.

Also Read: വരുണ്‍ സിംഗിനെ വിദഗ്ധചികിത്സക്ക് ബംഗ്ലൂരുവിലേക്ക് മാറ്റി, നില ഗുരുതരം; പ്രാർത്ഥനയിൽ രാജ്യം

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി