പി ഗോവിന്ദപിള്ളയുടെ ചരമവാർഷികത്തിൽ 'പി ജി സംസ്‍കൃതി കേന്ദ്രം'; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By Web TeamFirst Published Nov 22, 2019, 11:33 PM IST
Highlights

 നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഇടപെടലുകളിൽ പി ഗോവിന്ദപിള്ളയുടെ പങ്ക് ഏറ്റവും വിലമതിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

തിരുവനന്തപുരം: പി ഗോവിന്ദപിള്ളയുടെ ഏഴാം ചരമവാർഷികത്തിൽ വിജ്ഞാന ലോകത്തേക്ക് വാതിൽ തുറന്ന് പി ജി സംസ്‍കൃതി കേന്ദ്രം. ആശയദാർഢ്യത്തോടെ ഏഴ് പതിറ്റാണ്ട് നാടിന്‍റെ സമഗ്ര ജീവിതത്തില്‍ നിറഞ്ഞ പി ഗോവിന്ദപിള്ളയുടെ ദർശനങ്ങൾ ഇനി ഒരു പ്രസ്ഥാനത്തിലൂടെ പുനരുജ്ജീവിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പി ജി സംസ്കൃതി കേന്ദ്രം ഉദ്ഘാടനം ചെയ്തു.  നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഇടപെടലുകളിൽ പി ഗോവിന്ദപിള്ളയുടെ പങ്ക് ഏറ്റവും വിലമതിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണമായ സാഹചര്യങ്ങളിൽ നിന്നും ഉയർന്നുവന്ന അസാധാരണ വ്യക്തിത്വമായിരുന്ന പി ഗോവിന്ദപിള്ളയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശേഷണം.  

ഡോ കെ എൻ പണിക്കറാണ് പിജി സംസ്കൃതി കേന്ദ്രത്തിന്‍റെ ചെയർമാൻ. ചരിത്രം കാണാതെ പോയ കീഴാളരെയും അധസ്ഥിതരെയും പോലും അടയാളപ്പെടുത്തിയ ധിഷണാശാലിയായിരുന്നു പിജിയെന്ന് ഡോ കെ എൻ പണിക്കർ അനുസ്മരിച്ചു. സാധാരണക്കാർക്ക് പോലും അടുത്തിടപെടാൻ കഴിയുന്ന ജനകീയ സൈദ്ധാന്തികനായിരുന്നു ഗോവിന്ദപിള്ളയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്ക്,ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ എന്നിവരും പി ജി സ്മൃതി സമ്മേളനത്തിൽ സംസാരിച്ചു. കവിയത്രി സുഗതകുമാരിയുടെ സ്മരണയും ചടങ്ങിൽ വായിച്ചു. നവോത്ഥാനത്തെ കുറിച്ച് പിജിയെഴുതിയ നാല് പുസ്തകങ്ങൾ ഒറ്റ വാള്യമാക്കി നവോത്ഥാന കേരളം എന്ന് പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അന്താരാഷ്ട്ര പുസ്കോത്സവം,വിപുലമായ ഗ്രന്ഥാലയം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് പിജി സംസ്കൃതി കേന്ദ്രത്തിന് കീഴിൽ ഒരുങ്ങുന്നത്.

click me!