
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു. വ്യാജ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഏകോപനത്തില്‍ നടത്തി വന്നിരുന്ന പരിശോധനയിലാണ് ആസ്തമ രോഗികള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന, Cipla Ltd എന്ന കമ്പനിയുടെ SEROFLO Rotacaps 250 Inhalerന്റെ വ്യാജ മരുന്നുകള്‍ കണ്ടെത്തിയത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.
വ്യാജമരുന്ന് ശൃംഖലയില്‍ മരുന്നുകള്‍ വാങ്ങി വില്‍പനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഫാര്‍മ, തൃശൂര്‍, പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മെഡ് വേൾഡ്' ഫാര്‍മ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയമനടപടികള്‍ സ്വീകരിച്ചു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടാതെ ഈ സ്ഥാപനങ്ങളുടെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
വ്യാജമരുന്ന് ശൃംഖല സംബന്ധിച്ച തുടരന്വേഷണം ഊര്‍ജിതമായി നടത്തി അനിവാര്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും മരുന്ന് വാങ്ങുന്ന വ്യാപാരികള്‍, നിര്‍മ്മാതാവില്‍ നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെ വിതരണ ശൃംഖലയില്‍ നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. പരിശോധനയില്‍, മതിയായ രേഖകള്‍ ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകള്‍ സൂക്ഷിക്കുന്നത് കണ്ടെത്തുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതാണെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.
അതേസമയം, ഈ പരിശോധന പോലും തങ്ങളുടെ സമയോജിത ഇടപെടലിനെ തുടര്‍ന്നാണെന്നാണ് ആശ്വാസ് ഫാര്‍മയുടെ വിശദീകരണം. 2025 മെയ് 17ന് ആശ്വാസ് ഫാർമ, മെഡ് വേൾഡ് ഫാർമയിൽ നിന്ന് സിപ്ല (CIPLA) കമ്പനിയുടെ SEROFLO 250 ROTOCAP (Batch No: 4SA2067) എന്ന മരുന്ന് വാങ്ങിയിരുന്നു. മരുന്നിനെക്കുറിച്ച് ഒരു പരാതി ലഭിച്ചപ്പോൾത്തന്നെ ആശ്വാസ് ഫാർമ ഈ വിവരം മെഡ് വേൾഡ് ഫാർമയെ അറിയിക്കുകയും നിലവിലുണ്ടായിരുന്ന സ്റ്റോക്ക് നിർമ്മാതാക്കളായ സിപ്ല കമ്പനിക്ക് തിരികെ നൽകുകയും ചെയ്തു. തുടർന്നാണ് ഈ ബാച്ച് മരുന്ന് തങ്ങൾ നിർമ്മിച്ചതല്ലെന്ന് സിപ്ല കമ്പനി ഡ്രഗ്‌സ് കൺട്രോളർ വിഭാഗത്തെ അറിയിച്ചത്.
2025 നവംബർ 18-ന് തിരുവനന്തപുരം ഡ്രഗ്‌സ് കൺട്രോളർ വിഭാഗം ആശ്വാസ് ഫാർമയിൽ പരിശോധനയ്ക്ക് വന്നപ്പോഴാണ് ഈ മരുന്ന് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവരം അറിയിക്കുന്നത്. പരിശോധനയിൽ വന്ന ഉദ്യോഗസ്ഥരിൽ നിന്നാണ് ഗുണനിലവാരക്കുറവ് സംബന്ധിച്ച വിവരം അറിയുന്നതെന്നും, 18.11.2025 വരെ ഈ മരുന്നിനെക്കുറിച്ച് ഡ്രഗ്‌സ് കൺട്രോളർ വിഭാഗം ഒരു അറിയിപ്പും നൽകിയിരുന്നില്ലെന്നും ആശ്വാസ് ഫാർമ വ്യക്തമാക്കി. മെഡ് വേൾഡ് ഫാർമയിൽ നിന്ന് മറ്റ് മൊത്ത വിതരണക്കാരും ഇതേ മരുന്ന് വാങ്ങിയിട്ടുണ്ടെന്നും ആശ്വാസ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിച്ച് ആശ്വാസ് ഫാർമ
അതേസമയം തൃശ്ശൂരിൽ പ്രവർത്തിക്കുന്ന മെഡ്‌വേൾഡ് ഫാർമയിൽ നിന്നാണ് മെയ് 17 ന് വിവാദ മരുന്ന് വാങ്ങിയതെന്നാണ് ആശ്വാസ് ഫാർമയുടെ പ്രതികരണം. സോറോഫ്ലോ 250 റോടോകാപ് (ബാച്ച് നമ്പർ 4SA2067) മരുന്നിനെ കുറിച്ച് പരാതി ഉയർന്നപ്പോൾ ഇക്കാര്യം തങ്ങൾ മെഡ് ഫാർമയെ അറിയിച്ചു. ഒപ്പം അവശേഷിച്ചിരുന്ന സ്റ്റോക്ക് സിപ്ല കമ്പനിക്ക് തിരിച്ചയച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സിപ്ല കമ്പനി പ്രസ്തുത മരുന്ന് തങ്ങളുടേതല്ലെന്ന് തിരിച്ചറിഞ്ഞതെന്ന് ആശ്വാസ് ഫാർമസി പറയുന്നു. മെഡ്‌വേൾഡ് ഫാർമയിൽ നിന്ന് മറ്റ് പല കമ്പനികളും മരുന്ന് വാങ്ങിയതായി വിവരമുണ്ടെന്നും പ്രസ്തുത കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും ആശ്വാസ് ഫാർമ അറിയിച്ചു.