
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ആചാരസംരക്ഷണ സമിതി കോടതിയിലേക്ക്. ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് ആചാരസംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് തെലങ്കാന സ്വദേശി ഇ. ഭരതമ്മയ്ക്ക് (64) വാട്ടർ കിയോസ്കിൽ നിന്ന് ഷോക്കേറ്റത്. പരമ്പരാഗത പാതയിലുള്ള പോസ്റ്റിൽ നിന്ന് വാട്ടർ കിയോസ്കിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു. വാട്ടർ കിയോസ്ക് പോസ്റ്റിലേക്ക് കമ്പി ഉപയോഗിച്ച് കെട്ടിവെച്ചത് വൈദ്യുതി പ്രവഹിക്കാൻ കാരണമായി.
ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങി വന്ന തീർത്ഥാടകയാണ് ഷോക്കേറ്റ് മരിച്ചത്. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ട മണ്ഡൽ സ്വദേശിനി ഭരതമ്മ (60) ആണ് മരിച്ചത്. ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കിൽ നിന്നാണ് ഭരതമ്മയ്ക്ക് ഷോക്കേറ്റത്. ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റിൽ നിന്ന് കിയോസ് കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതര അനാസ്ഥയിൽ പരസ്പരം പഴിചാരുകയാണ് ദേവസ്വം ബോർഡും ജലഅതോറിറ്റിയും.