രാജ്യത്ത് പ്രസിഡൻഷ്യൽ സംവിധാനവും ഏക സിവിൽകോഡും സ്ഥാപിക്കാൻ ശ്രമം: കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി

By Web TeamFirst Published Aug 15, 2020, 7:44 PM IST
Highlights

ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ സംഘപരിവാറിനും രാഷ്ട്രീയ രൂപമായ ബിജെപിക്കും ഒരു പങ്കുമില്ല. ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യ സമര പോരാട്ടത്തെ കുറിച്ച് ബിജെപിക്ക് ഒന്നുമറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും ഭരണഘടനയും പണയം വയ്ക്കാൻ യാതൊരു മടിയും അവർ കാണിക്കില്ല

തിരുവനന്തപുരം: പാർലമെന്ററി സംവിധാനത്തെ പ്രസിഡൻഷ്യൽ സംവിധാനം കൊണ്ട് പകരം വയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ സംവിധാനത്തെ ഏക സിവിൽ കോഡ് ഉപയോഗിച്ച് പകരം വയ്ക്കാനുമുള്ള വാദങ്ങൾ ശ്രദ്ധിക്കണം. അതിന്റെ പിന്നിലുള്ള പ്രേരക ഘടകം ജനാധിപത്യത്തിന്റെ താത്പര്യമാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഫ്ഐ സംഘടിപ്പിച്ച മതരാഷ്ട്രം വിനാശത്തിന് ഇന്ത്യയെ രക്ഷിക്കുക എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പെയ്സ്ബുക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ഭാഷകളും സംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒന്ന് കൊണ്ട് മറ്റുള്ളവയെ പകരം വയ്ക്കാൻ ശ്രമിച്ചാൽ വൈവിധ്യം തകരും. ഇന്ത്യയുടെ നിലനിൽപ്പ് തകരും. സാംസ്കാരിക വൈവിധ്യമാണ് ലോകം ഇന്ത്യയിൽ കാണുന്ന വലിയ പ്രത്യേകത. ഇന്ത്യയിലുള്ള വിവിധ മതത്തിൽപെട്ടവരും ഒരു മതത്തിലും പെടാത്തവരും കൂട്ടായി പൊരുതി നേടിയതാണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പങ്ക് തമസ്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ സംഘപരിവാറിനും രാഷ്ട്രീയ രൂപമായ ബിജെപിക്കും ഒരു പങ്കുമില്ല. ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യ സമര പോരാട്ടത്തെ കുറിച്ച് ബിജെപിക്ക് ഒന്നുമറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും ഭരണഘടനയും പണയം വയ്ക്കാൻ യാതൊരു മടിയും അവർ കാണിക്കില്ല. സ്വാതന്ത്ര്യ സമരത്തിൽ പ്രത്യേകിച്ച് പങ്കൊന്നുമില്ലാത്ത ഒരു മതരാഷ്ട്ര വിഭാഗത്തിന് സ്വാതന്ത്ര്യത്തിന്റെ കുത്തകാവകാശം കൽപ്പിച്ച് കൊടുക്കാനുള്ള നീക്കം നടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ചരിത്രം ദുർവ്യാഖ്യാനം ചെയ്യുന്നു. വ്യാപകമായ ജാഗ്രത മതേതര മനസുകളിൽ ഉയർന്നുവരുന്നുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു സംസ്കാരം തുടങ്ങിയ മുദ്രാവാക്യം ബഹുസ്വരതയ്ക്ക് എതിരായ വെല്ലുവിളിയാണെന്നും അദ്ദേഹം വിമർശിച്ചു. 

പി എസ് സി നിയമനങ്ങൾ നടക്കുന്നില്ല എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ മാധ്യമം ഒരു പംക്തി തന്നെ ഇതിനായി തുറന്നുവെന്ന് ഏഷ്യാനെറ്റ് ന്യസിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. റെക്കോർഡ് നിയമനങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് നടന്നത്. സർക്കാർ ഏപ്രിൽ വരെ 1,33, 132 പേർക്ക് നിയമനം നൽകി. 3668 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. കെഎഎസ് നടപ്പാക്കി. പരമാവധി തൊഴിൽ അവസരങ്ങൾ സർക്കാർ സൃഷ്ടിച്ചു. 2200 സ്റ്റാർട്ടപ്പുകൾ തുടങ്ങി. നിയമന നിരോധനമെന്ന രീതിയിലുള തെറ്റായ പ്രചരണത്തിന്റെ കള്ളി വെളിച്ചെത്താക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

click me!