
കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തിൽ ഇടത് സർക്കാരിലെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. ഒന്നാം പിണറായി സർക്കാർ രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയപ്പോൾ രണ്ടാം പിണറായി സർക്കാർ സതീശൻ സർക്കാരിന് വഴിയൊരുക്കി എന്നാണ് ഉയര്‍ന്ന വിമര്‍ശനം. മന്ത്രി ആയിരുന്ന പി രാജീവിന്‍റേത് തൊഴിലാളി വിരുദ്ധ സമീപനങ്ങളായിരുന്നെന്നും പ്രതിനിധികൾ വിമർശിച്ചു. തൊഴിലാളി നേതാവ് വ്യവസായ മന്ത്രിയായപ്പോൾ പി രാജീവ് തൊഴിലാളികളെ മറന്നുവെന്നും തൊഴിലാളി യൂണിയൻ നേതാക്കൾക്ക് മന്ത്രിയെ കാണാൻ കഴിയാത്ത സ്ഥിതിയുണ്ടായിയെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
സിഐടിയു സംസ്ഥാന സമ്മേളനം കോട്ടയത്ത് തുടരുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ഇന്നലെ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച പൂർത്തിയാക്കി. കഴിഞ്ഞ ഇടത് സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് ചർച്ചകളിൽ ഉയർന്നത്. വിവിധ വിഷയങ്ങളിൽ ഇന്നും ചർച്ച നടക്കുകയാണ്. നാളെയാണ് സമ്മേളനം അവസാനിക്കുക. സമാപന സമ്മേളനത്തിൽ ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിക്കും എന്നാണ് നേതൃത്വം പറയുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ ഈസ് ഓഫ് ഡൂയിങ്ങ് കൊണ്ട് എന്ത് പ്രയോജനമുണ്ടായെന്നും സിഐടിയു സംസ്ഥാന സമ്മേളനത്തിൽ ചോദ്യമുയർന്നു. കെ എൻ ബാലഗോപാലിനും കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജനുമേതിരെ പരിഹാസവുമുണ്ടായി. രണ്ട് പേർക്കും തൊഴിലാളി ശ്രേഷ്ഠ അവാർഡ് കൊടുക്കണം എന്നാണ് കെഎസ്എഫ്ഇയിലെ തൊഴിലാളികൾ സമ്മേളനത്തില്‍ പറഞ്ഞത്. ചെത്തുതൊഴിലാളി മേഖലയോടുള്ള സമീപനത്തിൽ എം ബി രാജേഷിനും വിമർശനമുണ്ട്. സിഐടിയും സംസ്ഥാന സെന്‍റർ പ്രവർത്തനം നിർജീവമായിരുന്നെന്നും സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam