
കൊല്ലം: ഇരുചക്ര വാഹനങ്ങൾക്ക് പെട്രോൾ വിലയിൽ 25 രൂപയുടെ കുറവുവരുത്തുമെന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പ്രഖ്യാപനം കേരളത്തിലെ സിപിഎം സർക്കാർ കണ്ടുപഠിക്കേണ്ടതാണെന്ന പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ രംഗത്ത്. സാധാരണക്കാർക്ക് ആശ്വാസമാകുന്നതാണ് ഈ തീരുമാനമെന്നും കേരള സർക്കാരും സാധാരണക്കാർക്ക് വേണ്ടി ഇത്തരം ഇടപെടൽ നടത്തണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞത്
ഇന്ധനവില വർധന കൂടുന്നതിൽ ഇന്ത്യയിൽ ഏറ്റവും ആഹ്ളാദിക്കുന്ന സർക്കാരാണ് കേരളത്തിലെ സിപിഎം സർക്കാർ. കാരണം ജനങ്ങൾക്കുണ്ടാകുന്ന അധികഭാരം ഈ സർക്കാരിന് ഒരു പ്രശ്നമല്ല. അവർക്ക് വേണ്ടത് ഇന്ധനവിലയിലെ അധിക വരുമാനം മാത്രമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും മറ്റ് സർക്കാരുകളുള്ള സംസ്ഥാനങ്ങളുമാകെ കേന്ദ്രം കുറച്ചതിന് ആനുപാതികമായി ഇന്ധനവില കുറച്ചിട്ടും കേരളം കുറയ്ക്കാൻ തയ്യാറായിട്ടില്ല. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് ഇത്. തെരഞ്ഞെടുപ്പ് സമയത്ത് കിറ്റും പെൻഷൻ വർധനയും കൊടുത്താൽ വീണ്ടും ജയിക്കാം എന്ന ധാരണയാണ് ഇവർക്ക്. ജനങ്ങളുടെ ദാരിദ്യ്രത്തെയും പട്ടിണിയെയും ചൂഷണം ചെയ്ത് വിജയിക്കാം എന്ന ധിക്കാരവും അഹങ്കാരവുമാണത്. ഒരു അടിമ ഉടമ മനോഭാവത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നത്.
ഇടതുപക്ഷ സർക്കാരിന് ഒട്ടും ഭൂഷണമായ സമീപനമല്ല പിണറായി സർക്കാരിനുള്ളത്. അറു പിന്തിരിപ്പൻ പ്രതിലോമ സർക്കാരുകൾ പോലും ഇന്ധന വിലയിൽ കുറവ് വരുത്തിയിട്ടും നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന ഒരേ ഒരു സർക്കാർ സിപിഎം നേതൃത്വം നൽകുന്നതാണെന്നതാണ് യാഥാർത്ഥ്യം. സംഘടനാ ശേഷിയും സമ്പത്തുമുണ്ടെങ്കിൽ ഇത്തരത്തിൽ മുന്നോട്ടുപോയാലും പ്രശ്നമില്ലെന്ന ധാരണയിലാണ് കേരളത്തിലെ സിപിഎം. തെരഞ്ഞെടുപ്പ് പോലുമില്ലാത്ത സമയത്ത് ജാർഖണ്ഡ് സർക്കാർ ഇരുചക്രവാഹനയാത്രക്കാർക്ക് പെട്രോളിൽ 25 രൂപയുടെ കുറവ് വരുത്തിയത് മാതൃകാപരമാണ്. സാധാരണക്കാരാണ് ഇരുചക്രയാത്രക്കാരിലെ ഭൂരിഭാഗവും. ആ സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ജാർഖണ്ഡ് സർക്കാരിന്‍റെ തീരുമാനത്തെ വേണമെങ്കിൽ ഇടതുപക്ഷ നയമാണെന്ന് പറയാം.
ഇതാണ് കേരളത്തിലെ സിപിഎം സർക്കാർ കണ്ടുപഠിക്കേണ്ടത്. സാധാരണക്കാർക്ക് ആശ്വാസമാകുന്ന തീരുമാനം ഇവിടെയും ഉണ്ടാകണം. പക്ഷേ അതെങ്കിലും കണ്ടുപഠിക്കാൻ കേരളത്തിലെ സർക്കാർ തയ്യാറാകുമെന്ന് തോന്നുന്നില്ല. അതിസമ്പന്ന ധനിക വർഗത്തിന് അതിവേഗത്തിൽ സഞ്ചരിക്കാനുള്ള പാതയൊരുക്കാനുള്ള വ്യഗ്രതയിലാണ് കേരളത്തിലെ സർക്കാർ. സംഘടനാ ശേഷിയും സമ്പത്തുമുണ്ടേൽ വെല്ലുവിളികളെ അതിജയിക്കുമെന്ന ധാരണയിലാണ് അവരെന്നും ഇതിന് കാലം മറുപടി നൽകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ഒറ്റയടിക്ക് പെട്രോൾ ലിറ്ററിന് 25 രൂപ കുറച്ച് ഇന്ത്യൻ സംസ്ഥാനം, ഞെട്ടിച്ച് മുഖ്യമന്ത്രി
ജാർഖണ്ഡ് സർക്കാരിന്‍റെ തീരുമാനം ഇങ്ങനെ
ഇരുചക്ര വാഹനങ്ങൾക്ക് പെട്രോൾ ലിറ്ററിന് 25 രൂപയുടെ കുറവ് വരുത്തുന്നുവെന്ന പ്രഖ്യാപനമാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നടത്തിയത്. സംസ്ഥാനത്ത് ജനുവരി 26 മുതൽ തീരുമാനം നടപ്പിലാക്കും. പെട്രോളടിക്കുന്ന ഇരുചക്രവാഹനയാത്രക്കാരുടെ അക്കൗണ്ടിലേക്ക് 25 രൂപ ക്രെഡിറ്റ് ആകുന്ന തരത്തിലായിരിക്കും പദ്ധതി. പത്ത് ലിറ്റർ പെട്രോൾ വരെ ഇത്തരത്തിൽ വിലക്കുറവിൽ ലഭിക്കുമെന്നാണ് സർക്കാർ തീരുമാനമെന്നാണ് വ്യക്തമാകുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലുണ്ടാകും.