
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെത്തുകാരന്റെ മകന്‍ എന്നതില്‍ അഭിമാനം മാത്രമാണുള്ളതെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ചെത്തുകാരന്റെ മകനായതില്‍ ഏതെങ്കിലും തരത്തിലുള്ള അപമാന ബോധമില്ലെന്നും തികഞ്ഞ അഭിമാനമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുധാകരന്റെ പരാമര്‍ശം തെറ്റായി കാണുന്നില്ല. അച്ഛന്‍ ചെത്തുകാരനായിരുന്നുവെന്നത് താന്‍ തന്നെ പറഞ്ഞിരുന്നു. എന്റെ മൂത്ത ജേഷ്ഠന്‍ ആകാവുന്ന അത്രയും കാലം ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്തുജോലി അറിയാമായിരുന്നു. അദ്ദേഹം പിന്നീട് ബേക്കറി ജോലിയിലേക്ക് മാറി. അതായിരുന്നു എന്റെ കുടുംബപശ്ചാത്തലം. ഇതൊക്കെ അഭിമാനമായാണ് ഞാന്‍ കാണുന്നത്. അതൊന്നു ഏതെങ്കിലും അപമാനമായി കാണുന്നില്ല. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സുധാകരനെ അറിയാം. ചെത്തുകാരന്റെ മകന്‍ എന്ന് കെ സുധാകരന്‍ പറഞ്ഞത് ആക്ഷേപമായി കാണുന്നില്ല. പരാമര്‍ശത്തില്‍ അപമാനമോ ജാള്യതയോ തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറഞ്ഞത് എന്തുദേശത്തിലാണ് എന്നാണ് നോക്കുന്നത്. ഷാനിമോള്‍ ഉസ്മാനാണ് പ്രശ്‌നമുണ്ടാക്കിയത് എന്നു സുധാകരന്‍ തന്നെ പറയുന്നു. അതെന്തു കൊണ്ടാണ്. ചെന്നിത്തലയ്ക്ക് എന്തു കൊണ്ടാണ് തിരുത്തേണ്ടി വരുന്നത്. ചെത്തുകാരന്റെ മകനാണ് എന്ന് പറയുന്നതില്‍ എനിക്കൊരു അപമാനവുമില്ല തികഞ്ഞ അഭിമാനത്തോടെയാണ് ഞാന്‍ അതു കാണുന്നത്. എന്നെ അറിയുന്നവര്‍ക്ക് അറിയാം ഞാന്‍ എന്തു ജീവിതമാണ് ജീവിക്കുന്നതെന്ന്. നമ്മള്‍ വിമാനത്തില്‍ പോലും പോകാന്‍ പാടില്ല ഇതൊക്കെ നോക്കിയാല്‍ കാലത്തിന് അനുസൃതമായ വര്‍ത്തമാനമല്ല ഇതൊന്നുമെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam