തിരുവനന്തപുരം: സിപിഎമ്മാണ് മുഖ്യ ശത്രുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വമാണ് പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി അല്ല സിപിഎമ്മാണ് മുഖ്യ എതിരാളി എന്നായിരുന്നു കെ സുധാകരന്റെ പരാമർശം.
സിപിഎമ്മാണോ ബിജെപിയാണോ മുഖ്യശത്രുവാണെന്ന് പറയേണ്ടത് കോൺഗ്രസാണ്. രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നപ്പോൾ തന്നെ ഇക്കാര്യം താൻ പറഞ്ഞതാണ്. അതിന്റെ തുടർച്ചയായി വന്നതാണ് നിയുക്ത കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം. രാജ്യം സ്വീകരിക്കുന്ന പൊതുനിലപാടിന് വ്യത്യസ്തമായ ഒന്നാണാണിത്. കോൺഗ്രസിന്റെ സംസ്ഥാനത്തെ നേതൃത്വത്തിന്റെ നിലപാടാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയും കോൺഗ്രസും ചേർന്ന് സിപിഎമ്മിനെയും ഇടതുമുന്നണിയെയും ലക്ഷ്യമിട്ടാണ് നീങ്ങിയത്. ആ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഔദ്യോഗികമാണോയെന്ന് പറയേണ്ടത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയോടുള്ള സൗഹൃദ സമീപനമാണ് എക്കാലത്തും കെ സുധാകരന്റെ മുഖമുദ്രയെന്ന് സിപിഎമ്മും ആരോപിച്ചു. ബിജെപി മുഖ്യ ശത്രുവല്ലെന്നും എതിർക്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് നിയുക്ത കെപിസി പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ചത്. വർഗീയതയോട് ഏത് അവസരത്തിലും കേരളത്തിലെ കോൺഗ്രസ് സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. ബിജെപിയോടുള്ള കെപിസിസി സമീപനത്തിൽ ഹൈക്കമാന്റും സോണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.