സൗജന്യ റേഷന്‍ വിതരണം; ചിലര്‍ ബോധപൂര്‍വ്വം മോശം പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 6, 2020, 6:41 PM IST
Highlights

ചിലര്‍ ബോധപൂര്‍വ്വമായി റേഷന്‍ മോശമാണെന്നതടക്കമുള്ള പ്രചാരണം നടത്തി. എന്നാല്‍ നടന്‍ മണിയന്‍പിള്ളരാജുവടക്കം ഈ പ്രാരണങ്ങളെ തള്ളി രംഗത്ത് വന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പടരുന്നത് മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണത്തെ സംബന്ധിച്ച് ചിലര്‍ മോശം പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത്  ഇതുവരെ 81.45 ശതമാനം പേർ സൗജന്യ റേഷൻ വാങ്ങിക്കഴിഞ്ഞു. ചില പരാതികളുണ്ടായിട്ടുണ്ട്. എന്നാല്‍ അപൂർവം ചിലർ ബോധപൂർവം തെറ്റായ പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കേരളത്തിന്‍റെ  സമീപകാല ചരിത്രത്തില്‍  ചുരിങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും പേര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നത് ആദ്യമായാണ്. അതിനായി പ്രവര്‍ത്തിച്ച സിവില്‍ സപ്ലൈവ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, തൊഴിലാളികളടക്കമുള്ള മറ്റ് ജോലിക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് വളരെ കുറച്ച് പരാതികളാണ് ഉയര്‍ന്ന് വന്നത്. ചിലര്‍ ബോധപൂര്‍വ്വമായി റേഷന്‍ മോശമാണെന്നതടക്കമുള്ള പ്രചാരണം നടത്തി. എന്നാല്‍ സമൂഹം ആദരിക്കുന്ന ചിലര്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് അവരുടെ അനുഭവത്തിലൂടെ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

അഭിനേതാവും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായപ്രകടനം ഇതിന് ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍കടകളില്‍ ആവശ്യമായ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കും. ജില്ല മാറി റേഷന്‍ സ്വീകരിക്കുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

click me!