'സര്‍ക്കാര്‍ ഭക്ഷണത്തിന്‍റെ പേരിൽ വിരട്ട് വേണ്ട'; പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി

By Web TeamFirst Published Sep 20, 2019, 6:13 PM IST
Highlights

അഴിമതിക്കാരെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ഭക്ഷണം ആണെന്ന് പറഞ്ഞ ഉടൻ ആ തൊപ്പിയെടുത്ത് ചെന്നിത്തല തലയിൽ വച്ചു. പേര് പോലും പറഞ്ഞില്ല, എന്നിട്ടും വേവലാതിയെന്ന് പിണറായി വിജയൻ

കോട്ടയം/ പാലാ: സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് പാലായിൽ മറുപടിയുമായി പിണറായി വിജയൻ. പാലായിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ വേദിയിലാണ് പ്രതിപക്ഷ ആക്ഷേപങ്ങൾക്ക് പിണറായി വിജയന്‍റെ മറുപടി. കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ പേരിൽ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പക്ഷെ അത് ചീറ്റിപ്പോയെന്ന് പിണറായി വിജയൻ പരിഹസിച്ചു. 

അഴിമതിക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും. അഴിമതിക്കാരെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ഭക്ഷണമാണെന്ന് പറഞ്ഞപ്പോൾ തന്നെ ആ തൊപ്പിയെടുത്ത് രമേശ് ചെന്നിത്തല തലയിൽ വച്ചു. പേര് പോലും പറയാതിരുന്നിട്ടും എന്തിനാണിത്ര വേവലാതിയെന്ന് മനസിലാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

സര്‍ക്കാര്‍ ഭക്ഷണം കഴിക്കാൻ പിണറായി വിജയൻ തയ്യാറാകേണ്ടിവരുമെന്ന പ്രതിപക്ഷ ആക്ഷേപത്തിനുമുണ്ട് പിണറായി വിജയന്‍റെ മറുപടി. ഒന്നരക്കൊല്ലം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷെ അഴിമതി കാണിച്ചിട്ടില്ല. അതുകൊണ്ട് അത് പറഞ്ഞ് ആരും വിരട്ടാൻ വരേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു

click me!